NATIONAL

സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ കാർഡ്, അത് ഉള്ളവർക്കെല്ലാം വോട്ടവകാശം നൽകരുത്: സുപ്രീം കോടതി

രാജ്യത്ത് ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ഊർജിതമാക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്തെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായി ആധാർ കാർഡ് സ്വന്തമാക്കിയ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കണോ എന്ന പ്രസക്തമായ ചോദ്യമുയർത്തി സുപ്രീം കോടതി. സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖയെ അടിസ്ഥാനപ്പെടുത്തി എല്ലാവർക്കും വോട്ടവകാശം നൽകരുതെന്നും കോടതി നിർദേശിച്ചു.

രാജ്യത്ത് ബിജെപി സർക്കാരിൻ്റെ നേതൃത്വത്തിൽ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ഊർജിതമാക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. രാജ്യത്ത് ആധാർ കാർഡുകൾ കൈവശം വച്ചിട്ടും വോട്ടർമാരെ ഒഴിവാക്കുന്ന വിഷയം പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചപ്പോഴാണ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ പരാമർശങ്ങൾ നടത്തിയത്. ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

"ആനുകൂല്യങ്ങളോ പദവികളോ അംഗീകരിക്കുന്നതിനുള്ള ഒരു മാനദണ്ഡമെന്ന തരത്തിലാണ് ആധാർ കാർഡ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാത്തിനുമുപരി, ഒരു പ്രത്യേക ലക്ഷ്യത്തിനും ഒരു പ്രത്യേക നിയമത്തിനും വേണ്ടിയാണ് ആധാർ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. അതിൽ ആർക്കും ഒരു തർക്കവും ഉണ്ടാകില്ല. മറ്റൊരു രാജ്യത്ത് നിന്നോ, അയൽ രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് വരുന്നവർ, അവർ ഇന്ത്യയിൽ ജോലി ചെയ്യുന്നവരോ, ഇന്ത്യയിൽ താമസിക്കുന്നവരോ ആകാം, ദരിദ്രനായ റിക്ഷാക്കാരനോ നിർമാണ തൊഴിലാളിയോ ആകാം," ചീഫ് ജസ്റ്റിസ് ഉദാഹരണ സഹിതം വിശദീകരിച്ചു.

"സബ്‌സിഡി റേഷൻ്റെ ആനുകൂല്യം ലഭിക്കുന്നതിനോ മറ്റേതെങ്കിലും ആനുകൂല്യത്തിനോ വേണ്ടി, നിങ്ങൾ അയാൾക്ക് ആധാർ കാർഡ് നൽകിയാൽ അത് നമ്മുടെ ഭരണഘടനാ ധാർമികതയുടെ ഭാഗമാണ്. അതാണ് നമ്മുടെ ഭരണഘടനാ ധാർമികത. എന്നാൽ അദ്ദേഹത്തിന് ഈ ആനുകൂല്യം ലഭിച്ചതിനാൽ വോട്ടർമാരാക്കണമെന്ന് അതിന് അർത്ഥമുണ്ടോ?," ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

അതേസമയം, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു അധികാരവുമില്ല എന്നതല്ല, താൻ ഉന്നയിക്കുന്ന വാദമെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. "എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രക്രിയയെ കുറിച്ച് മാത്രമാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്. ഒരു വസ്തുത തെളിയിക്കാൻ എന്തെങ്കിലും ചെയ്യാനുള്ള ഭാരം വോട്ടറുടെ മേൽ കെട്ടിവയ്ക്കാനുള്ള ഏതൊരു ശ്രമവും, സ്വാതന്ത്ര്യത്തിനു മുമ്പുള്ള നമ്മുടെ ഭരണഘടനാ സംസ്കാരത്തിന് വിരുദ്ധമാണ്. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ കണ്ടെത്താനും അത്തരക്കാരെ നീക്കാനും ഇപ്പോൾ സോഫ്റ്റ്‌വെയർ ഉണ്ട്. വോട്ടർമാരെ ഇല്ലാതാക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഇത്രയധികം അധികാരം നൽകേണ്ടതില്ല," കപിൽ സിബൽ വിശദീകരിച്ചു.

അതേസമയം, സോഫ്റ്റ്‌വെയറിന് ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ മാത്രമെ നീക്കം ചെയ്യാൻ കഴിയൂവെന്നും മരിച്ചവരെ നീക്കം ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. "ഇതെല്ലാം രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. ശക്തരായ രാഷ്ട്രീയ പാർട്ടികൾ മരിച്ച വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മരിച്ച വോട്ടർമാരെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാകുന്നത്. അവിടെ ഏത് പാർട്ടിയാണെന്നല്ല... അധികാരമുള്ള പാർട്ടി ഏതാണെങ്കിലും അവർ ദുരുപയോഗം ചെയ്യും," ജസ്റ്റിസ് ബാഗ്ചി വിശദീകരിച്ചു.

അതേസമയം, തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം എതിർക്കുന്ന ഹർജികൾക്ക് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു. തമിഴ്‌നാടിൻ്റെ ഹർജി ഡിസംബർ 4നും, പശ്ചിമ ബംഗാളിൻ്റെ ഹർജി ഡിസംബർ 9നും വാദം കേൾക്കാൻ മാറ്റി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്ന ഹർജികളിൽ മറുപടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT