

ഡൽഹി: സംസ്ഥാനങ്ങളിലെ ബില്ലുകൾ പാസാക്കുന്നതിൽ രാഷ്ട്രപതിക്കും ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന നിർണായക വിധിപ്രഖ്യാപനമായി സുപ്രീം കോടതി. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിൻ്റെ തീരുമാനം സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ച് തള്ളി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീം കോടതി ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തിയത്.
ഗവർണർമാർക്ക് ബില്ലുകളിൽ അനിശ്ചിത കാലത്തോളം അടയിരിക്കാൻ കഴിയില്ലെന്നും സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. നിയമനിർമാണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഗവർണർ ദീർഘകാലം, അല്ലെങ്കിൽ വിശദീകരിക്കാനാകാത്ത കാലതാമസം വരുത്തിയാൽ, ബില്ലിൻ്റെ മെറിറ്റിനെക്കുറിച്ച് നിലപാട് സ്വീകരിക്കാതെ വന്നാൽ, സമയബന്ധിതമായി ഇടപെട്ട് തീരുമാനമെടുക്കാൻ ഗവർണറെ നിർദേശിക്കാൻ കോടതിക്ക് പരിമിതമായ ജുഡീഷ്യൽ അവലോകന അധികാരം ഉപയോഗിക്കാം.
ഭരണഘടനയുടെ ആർട്ടിക്കിൾ 200/201 പ്രകാരമുള്ള ബില്ലുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്ക് കോടതിക്ക് ഒരു സമയപരിധിയും നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ബില്ലുകള്‍ അകാരണമായി തടഞ്ഞുവയ്ക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമെന്നും, ഫെഡറലിസത്തിന് എതിരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അനുച്ഛേദം 200 അനുസരിച്ച് ബില്ലുകള്‍ അകാരണമായി തടഞ്ഞുവയ്ക്കാൻ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നതാണ്. മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുത്.
നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് മറ്റൊരു സാധ്യതയില്ല. ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നതില്‍ ഗവര്‍ണര്‍മാരുടെ വിവേചനാധികാരം പരിമിതമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. തുടർന്നും ഗവർണറോ രാഷ്ട്രപതിയോ ബില്ലുകള്‍ തടഞ്ഞുവെച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു.
നേരത്തെ, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയുടെ അഭിപ്രായം തേടിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മൂന്ന് മാസത്തെ സമയപരിധി നിര്‍ദേശിക്കുക മാത്രമല്ല, ഇക്കാര്യത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയും സ്വീകരിക്കേണ്ട വിവിധ നടപടികളും നിയമപ്രശ്നങ്ങളും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിരുന്നു.
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ ഡോ. ആര്‍.എന്‍. രവി വിസമ്മതിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഏപ്രില്‍ 12ന്, സമയപരിധി നിശ്ചയിച്ച് വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിന്യായത്തിൽ, ഗവർണർ രവിയുടെ നടപടികൾ നിയമവിരുദ്ധവും ഏകപക്ഷീയവുമാണ് എന്നും ബില്ലുകൾ രണ്ടാമതും അവതരിപ്പിച്ച ശേഷം ഗവർണർ ഒപ്പിടേണ്ടതായിരുന്നു എന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.