Source: X
NATIONAL

നാസിക്കിൽ കാർ കിണറ്റിൽ വീണു; 9 പേർക്ക് ദാരുണാന്ത്യം

ദിൻഡോറി ശിവാജി നഗർ പ്രദേശത്താണ് അപകടം നടന്നത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിൽ വീണ് 6 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തോടെ ദിൻഡോറി ശിവാജി നഗർ പ്രദേശത്താണ് അപകടം നടന്നത്.

ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാർ ചടങ്ങ് നടന്ന സ്ഥലത്തിന് അടുത്തുള്ള കിണറിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ലോക്കൽ പൊലീസും രക്ഷാ പ്രവർത്തകരും അർദ്ധരാത്രിയോടെ രണ്ട് ക്രെയിനുകളുടെയും നീന്തൽക്കാരുടെയും സഹായത്തോടെ കാറും അതിലുണ്ടായിരുന്നവരെയും പുറത്തെടുത്തു.

ഡിൻഡോരി താലൂക്കിലെ ഇൻഡോർ ഗ്രാമത്തിൽ നിന്നുള്ള ഡാർഗുഡെ കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സുനിൽ ദത്തു ദർഗുഡെ (32), ഭാര്യ രേഷ്മ, ആശ അനിൽ ദർഗുഡെ (32), കുടുംബത്തിലെ ഏഴ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികൾ, 11 വയസ്സുള്ള ഒരു ആൺകുട്ടി എന്നിവരാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഇവരുടെ മൃതദേഹങ്ങൾ ഡിൻഡോറിയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അപകടകാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

SCROLL FOR NEXT