ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഫരീദാബാദിലെ ഡോക്ടര്‍ക്ക് പങ്കുണ്ടെന്ന് സംശയം. പുല്‍വാമയില്‍ നിന്നുള്ള ഡോ. ഉമര്‍ മുഹമ്മദ് എന്നയാള്‍ക്കാണ് ആക്രമണത്തില്‍ പങ്കുള്ളതെന്നാണ് കരുതുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ കാര്‍ ഓടിക്കുന്നയാള്‍ ഡോ. ഉമര്‍ ആണെന്നാണ് പൊലീസ് നിഗമനം. ഇത് ഉറപ്പിക്കുന്നതിനായി ഉമറിന്റെ വീട്ടില്‍ നിന്നും ഡിഎന്‍എ സാമ്പിളുകളെടുത്ത് പരിശോധിക്കുന്നുണ്ട്.
ഇതോടെ ഡല്‍ഹി സ്‌ഫോടനവും ഫരീദാബാദില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. ഡോ. ഉമര്‍ നേരത്തെ പിടിക്കപ്പെട്ട ഫരീദാബാദിലെ ഡോക്ടറുമായി ബന്ധമുള്ള ആളാണെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വൈകുന്നേരം സ്‌ഫോടനത്തിന് മുമ്പായി പ്രതിയെന്ന് സംശയിക്കുന്നയാളുടെ കാറില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
ഫരീദാബാദിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനാണ് ഉമര്‍ മുഹമ്മദെന്ന് പൊലീസ് അറിയിച്ചു. ഡോ. ഉമര്‍ ഫരീദാബാദിലെ അല്‍-ഫല മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. ശ്രീനഗറിലെ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഉമര്‍ എംഡി ചെയ്തതെന്നാണ് വിവരം. ഉമറാണ് കാറില്‍ ഉണ്ടായിരുന്നതെന്ന സംശയം വന്നതിന് പിന്നാലെ ഇയാളുടെ സഹോദരങ്ങളെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ടെലഗ്രാം ചാനലുകള്‍ വഴിയുള്ള റാഡിക്കല്‍ ഗ്രൂപ്പുകളില്‍പ്പെട്ടാണ് ഉമര്‍ ഈ സംഘങ്ങളുമായി ബന്ധപ്പെടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഫരീദാബാദിലെ റെയ്ഡിന് ശേഷം ഡോ. ഉമര്‍ ഒളിവിലായിരുന്നുവെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ ഡല്‍ഹിയില്‍ ആക്രമണം നടത്തിയെന്നും പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നിന്ന് 350 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ഡോ. അദീല്‍ അഹമ്മദ് റാത്തെറിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇയാളെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് വിവരം.
ഫരീദാബാദില്‍ നിന്നാണ് ജമ്മു കശ്മീര്‍ പൊലീസ് 350 കിലോ സ്ഫോടക വസ്തുക്കള്‍ എകെ 47 റൈഫിളും ഒരു പിസ്റ്റളും, മൂന്ന് മാഗസീനുകളും, 20 ടൈമറുകളും, ഒരു വാക്കി ടാക്കി സെറ്റും അടക്കം കണ്ടു പിടിച്ചത്. ധൗജ് ഗ്രാമത്തില്‍ വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തത്.
നേരത്തെ, അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ റാത്തറിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 റൈഫിളും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് റാത്തറിനെതിരെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നു.