

പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ പോളിംഗ് ആരംഭിക്കും. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സ്ത്രീ വോട്ടര്‍മാരും മഹാ ദളിതുകളും മുസ്ലിങ്ങളും കൂടുതലുള്ള മേഖലകളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഒന്നാംഘട്ടത്തിലെ കനത്ത പോളിങിന്റെ ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും. എന്നാല്‍ 2020 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ ലഭിച്ച മേഖലകളാണ് രണ്ടാംഘട്ടത്തിലേത്.
എന്‍ഡിഎയ്ക്കും മഹാഗഡ്ബന്ധനും ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. യുപിയും ജാര്‍ഖണ്ഡും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍. നിരവധി പ്രത്യേകതകളുണ്ട് രണ്ടാംഘട്ടത്തിലെ മണ്ഡലങ്ങള്‍ക്ക്. 2020 ലെ വോട്ടെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് മേല്‍ക്കൈ നല്‍കിയ മിഥിലാഞ്ചല്‍ മേഖലയും പിന്നാക്ക സമുദായ-മുസ്ലിം വോട്ടുകള്‍ കൂടുതലുള്ള സീമാഞ്ചലും ഇന്ന് വിധിയെഴുതും.
സിപിഐഎംഎല്‍ അടക്കമുള്ള മഹാസഖ്യ സ്ഥാനാര്‍ഥികള്‍ക്ക് സീമാഞ്ചലില്‍ വലിയ പ്രതീക്ഷയുണ്ട്. 1303 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 136 പേര്‍ വനിതകളാണ്. ആകെ വിധിയെഴുതുന്ന 3.7 കോടി വോട്ടര്‍മാരില്‍ 1.74 കോടി സ്ത്രീകളാണ്.
2020 ല്‍ ഈ 122 മണ്ഡലങ്ങളില്‍ നിന്നായി ബിജെപിക്ക് 42 സീറ്റാണ് ലഭിച്ചത്. ആര്‍ജെഡിക്ക് 33 ഉം ജെഡിയുവിന് 20 ഉം കോണ്‍ഗ്രസിന് 11 ഉം ഇടതിന് അഞ്ച് സീറ്റും ഈ മേഖലകളില്‍ നിന്നായി ലഭിച്ചു.
തിര്‍ഹാട്ട്, സരണ്‍, വടക്കന്‍ മിഥിലാഞ്ചല്‍ മേഖല പരമ്പരാഗതമായി ബിജെപി ആധിപത്യം പുലര്‍ത്തുന്നവയാണ്. ഗയ, ഔറംഗാബാദ്, നവാഡ, ജെഹനാബാദ്, അര്‍വാള്‍ എന്നിങ്ങനെ മഗഥ് മേഖലയാണ് പ്രതിപക്ഷ പ്രതീക്ഷ.
ജനസംഖ്യയുടെ 17 ശതമാനവും മുസ്ലിങ്ങളുടെ വലിയൊരു ഭാഗവും താമസിക്കുന്നത് സീമാഞ്ചല്‍ ജില്ലകളിലാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനിവിടെ സ്വാധീനമുണ്ട്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് എത്ര വോട്ട് പിടിക്കുമെന്നതും നിര്‍ണായകമാകും.
യുപിയിലെ അതിര്‍ത്തി മണ്ഡലങ്ങളില്‍ ബിഎസ്പിയ്ക്കും വോട്ടുണ്ട്. പല മണ്ഡലങ്ങളും മായാവതി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.