നിർവചന്‍ സദന്‍ Source: X
NATIONAL

രാജ്യവ്യാപക സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍; സെപ്റ്റംബർ 10ന് യോഗം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം നടക്കുന്ന സിഇഒമാരുടെ മൂന്നാമത്തെ യോഗമാണിത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെയും (സിഇഒ) യോഗമാണ് വിളിച്ചു ചേർത്തിരിക്കുന്നത്. ഈ മാസം 10ന് ഡൽഹിയിൽ യോഗം ചേരാനാണ് തീരുമാനം.

ഈ വർഷം ഫെബ്രുവരിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം നടക്കുന്ന സിഇഒമാരുടെ മൂന്നാമത്തെ യോഗമാണിത്. ഇതൊരു പതിവ് യോഗമാണെന്നും രാജ്യത്തുടനീളം പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ചർച്ച ചെയ്യുക എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സെപ്റ്റംബർ 10ന് എല്ലാ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തങ്ങളുടെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചും അവസാനത്തെ തീവ്ര പരിഷകരണത്തിന്റെ വിശദാംശങ്ങളും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ജൂൺ 24 ലെ ഉത്തരവിൽ, രാജ്യത്തുടനീളം എസ്‌ഐആർ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ ബിഹാറില്‍ മാത്രമാണ് നടപടികള്‍ ആരംഭിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണവുമായി.

2026 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി കണക്കാക്കി രാജ്യത്താകമാനം എസ്‌ഐആർ നടത്തുമെന്നാണ് ഇസിഐ വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നത്. എല്ലാ വർഷവും ഓരോ തെരഞ്ഞെടുപ്പിനും മുമ്പ് വോട്ടർ പട്ടിക സംക്ഷിപ്തമായി പരിഷ്കരിക്കാറുണ്ട്. എന്നാല്‍, എസ്‌ഐആർ വഴി വോട്ടറായി രജിസ്റ്റർ ചെയ്യാന്‍ ഇസിഐ 11 യോഗ്യതാ രേഖകളാണ് ആവശ്യപ്പെടുന്നത്. ഇത് ഹാജരാക്കാന്‍ സാധിക്കാത്ത പക്ഷം പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഒരു വോട്ടർക്ക് 11 സൂചക രേഖകളിൽ ഏതെങ്കിലും സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആധാർ ഒരു യോഗ്യതാ രേഖയായി പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ഇതില്‍ കോടതി വാദം കേട്ട് വരികയാണ്.

SCROLL FOR NEXT