ഡൽഹി: ചെങ്കോട്ടയിൽ തിങ്കളാഴ്ച നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ദേശവിരുദ്ധ ശക്തികളുടെ ഹീനമായ പ്രവർത്തിയെന്ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി വിലയിരുത്തി. ഭീകരപ്രവർത്തനങ്ങൾ ഏത് രൂപത്തിലുള്ളതായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.പ്രതികളെ പിടികൂടി വേഗത്തില്‍ നീതി നടപ്പാക്കണം എന്ന് നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ചർച്ച നടന്നത്.
രണ്ടു ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തിയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ മോദി സന്ദർശിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാരുമായി സംസാരിച്ചാണ് മടങ്ങിയത്. സ്ഫോടനത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് മന്ത്രിസഭ സുരക്ഷ കാബിനറ്റ് കമ്മിറ്റി യോഗത്തിന് മുൻപ് തന്നെ പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു.
അതേ സമയം സ്ഫോടനക്കേസ് അന്വേഷണത്തിനായി NIA പത്തംഗ പ്രത്യേക സംഘം രൂപീകരിച്ചു. കേരള കേഡർ IPS വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ഏറ്റെടുക്കും. ഇതിനിടെ മുഖ്യ ആസൂത്രകന്‍ ഉമർ മുഹമ്മദ് സ്ഫോടനത്തിനുപയോഗിച്ച ഐ20 കാർ വിറ്റ കാർ ഡീലറെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 15 ആയി.
ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എൻഐഎ സംഘം വ്യാപകപരിശോധന തുടരുകയാണ്. തെളിവുശേഖരണത്തിനിടെ സ്ഫോടനത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റൊരു കാർ കൂടി കണ്ടെത്തിയിരുന്നു. ചുവന്ന ഫോർഡ് എക്കോ സ്പോർട്ടസ് കാർ ഹരിയാനയിലെ ഫരീദസദിൽ നിന്നാണ് കണ്ടെത്തിയത്. ഭീകരർ വാങ്ങിയ കാറാണിതെന്നാണ് നിഗമനം.