ഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റൊരു കാർ കൂടി കണ്ടെത്തി. ചുവന്ന ഫോർഡ് എക്കോ സ്പോർട്ടസ് കാർ ഹരിയാനയിലെ ഫരീദസദിൽ നിന്നാണ് കണ്ടെത്തിയത്. ഭീകരർ വാങ്ങിയ കാറാണിതെന്നാണ് നിഗമനം.
ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഈ കാർ കണ്ടെത്താൻ ഡൽഹി പൊലീസ് ദേശീയ തലസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ പേരിലാണ് ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറുമായി ബന്ധമുള്ള മറ്റു പ്രതികൾ മറ്റൊരു ചുവന്ന നിറമുള്ള കാറും കൈവശം വച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് പൊലീസ് ജാഗ്രതാ നിർദേശം നൽകിയത്.