ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു വർഷം പിന്നിടുമ്പോൾ സൈനിക പ്രവർത്തനങ്ങളിൽ പ്രതിരോധമന്ത്രം മാറ്റം വരുത്തിയിരിക്കുന്നു. 2025 ഏപ്രിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടി നൽകികൊണ്ട് സൈന്യം നടത്തിയ ആക്രമണം ലോകപ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെ കരുത്ത് ശത്രുപക്ഷത്തിന് കാട്ടികൊടുക്കാൻ ഇന്ത്യൻ സൈനികർക്ക് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഉടനടി തിരിച്ചടി നൽകുമെന്ന നയം പ്രതിരോധമേഖലയെ കൂടുതൽ ശക്തമാക്കി. ഇതോടെയാണ് ആക്രമണങ്ങളെ ചെറുക്കാനും പ്രതിരോധ നിര ശക്തമാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഡ്രോൺ ഉപയോഗിച്ചുള്ള യുദ്ധമുറകൾ, ലെയർഡ് ഡിഫൻസ് സിസ്റ്റങ്ങൾ, ഇലക്ട്രോണിക് വാർഫെയർ എന്നി മേഖലകളിൽ വൻ സംഭരണമാണ് പ്രതിരോധ മന്ത്രാലയം നടത്തിയത്. നൂറുകണക്കിന് കാമികാസെ, എഫ്പിവി ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിലാണ് സൈന്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. വടക്കൻ അതിർത്തികളിൽ സൈന്യത്തിൻ്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി രുദ്ര ബ്രിഗേഡുകൾ , ദിവ്യാസ്ത്ര ബാറ്ററികൾ , ഭൈരവ് ബറ്റാലിയനുകൾ എന്നിവയ്ക്ക് പുറമെ അശ്നി പ്ലാറ്റൂണുകൾ എന്നറിയപ്പെടുന്ന പ്രത്യേക ഡ്രോൺ യൂണിറ്റുകളും സ്ഥാപിച്ചു.
അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. സൈന്യത്തിൻ്റെ സംയുക്ത നീക്കങ്ങൾക്ക് കരുത്ത് പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മിഷൻ സുദർശൻ ചക്ര പ്രഖ്യാപിച്ചു. 2035-ഓടെ പൊതുസ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തി സമഗ്രമായ ദേശീയ സുരക്ഷാ കവചം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 2025-ൽ 3.84 ലക്ഷം കോടി രൂപയുടെ സംഭരണത്തിന് അംഗീകാരം നൽകി. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് എട്ട് മാസത്തിനുള്ളിൽ 800 ലധികം ഡ്രോണുകൾ ഇന്ത്യൻ സൈന്യം തദേശീയമായി നിർമിച്ചു. സൈനികർക്ക് ഡ്രോൺ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനവും നൽകിവരുകയാണ്. ഓപ്പറേഷൻ സിന്ദൂറിന് ഒരുവർഷം പൂർത്തിയായിരിക്കെ ആധുനിക സാങ്കേതികവിദ്യയിൽ ഇന്ത്യൻ സൈന്യം അഭിമാനനേട്ടം കൈവരിച്ചിരിക്കുകയാണ്.