NATIONAL

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു, അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും രക്ഷിക്കാനായില്ല; ചെന്നൈയില്‍ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഡോക്ടര്‍ റോയിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. 30 കളിലും 40 കളിലുമുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം ഡോക്ടര്‍മാര്‍ മരിക്കുന്നത് സാധാരണമായിക്കൊണ്ടിരിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നൈയില്‍ ഡ്യൂട്ടിക്കിടെ ഹൃദയാരോഗ്യ വിദഗ്ധന്‍ കുഴഞ്ഞുവീണു മരിച്ചു. 39 കാരനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് ആണ് മരിച്ചത്. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ആണ് ഗ്രാഡ്‌ലിന്‍. ബുധനാഴ്ച ആശുപത്രിയില്‍ റൗണ്ട്‌സിനിടെയാണ് ഡോക്ടര്‍ കുഴഞ്ഞുവീണത്.

ഡോക്ടര്‍ റോയിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും സഹപ്രവര്‍ത്തകര്‍ നടത്തിയെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പറഞ്ഞു.

'സഹഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വേണ്ടി പരിശ്രമിച്ചു, സിപിആര്‍ നല്‍കി, സ്റ്റെന്‍ഡ് ഇട്ടുകൊണ്ട് അടിയന്തര ആന്‍ജിയോ പ്ലാസ്റ്റിയും ഇന്‍ട്രാ ആഓര്‍ട്ടിക് ബലൂണ്‍ പമ്പും അടക്കം ഇട്ടു നോക്കി. ഈ പരിശ്രമങ്ങള്‍ ഒന്നും തന്നെ ഇടത് ആര്‍ട്ടറിയില്‍ ഉണ്ടായ ബ്ലോക്കിന്‍റെ ആഘാതത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല,' ഡോക്ടര്‍ പറഞ്ഞു.

ഡോക്ടര്‍ റോയിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇക്കാലത്ത് 30 കളിലും 40 കളിലുമുള്ള ഡോക്ടര്‍മാര്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം മരിക്കുന്നത് നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. 12-18 മണിക്കൂര്‍ വരെയാണ് പല ഡോക്ടര്‍മാര്‍ നിത്യേന പണിയെടുക്കുന്നതെന്നും ചിലര്‍ ചിലപ്പോള്‍ 24 മണിക്കൂര്‍ വരെ ഒറ്റ ഷിഫ്റ്റില്‍ പണി എടുക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ഇത് അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ സ്‌ട്രെസ്സ് ആണ് ദിവസവും അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇതിന് പുറമെ ആരോഗ്യകരമല്ലാത്ത ഭക്ഷണം, ജീവിത രീതി എന്നിവയും ഇതിന് കാരണമാകുമെന്നുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പലപ്പോഴും പ്രൊഫഷണലുകളായിട്ടുള്ള ആളുകള്‍ നെഞ്ചെരിച്ചില്‍, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും പ്രധാന കാരണമാണ്.

SCROLL FOR NEXT