
കൽബുർഗി: ഇതര ജാതിക്കാരനെ പ്രണയിച്ചതിന് മകളെ കഴുത്ത് ഞെരിച്ചുകൊന്ന് ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വ്യാഴാഴ്ച കർണാടകയിലെ കൽബുർഗി ജില്ലയിലുള്ള മേലകുണ്ട ഗ്രാമത്തിലാണ് നടുക്കുന്ന ദുരഭിമാന കൊല നടന്നത്.
കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയെന്ന് വരുത്താൻ മകളെ കീടനാശിനി കുടിപ്പിച്ച പിതാവ് നാട്ടുകാരെ വിളിച്ചുകൂട്ടി ശവസംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. നാട്ടുകാർ ഇതൊന്നുമറിയാതെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം നടന്നെന്ന് കൽബുർഗി പൊലീസ് കമ്മീഷണർ എസ്.ഡി. ശരണപ്പ പിടിഐയോട് പറഞ്ഞു. "18 വയസുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നും, അവരുടെ അന്ത്യകർമങ്ങൾ നടത്തിയെന്നും അധികാരപരിധിയിലുള്ള പൊലീസിന് വിവരം ലഭിച്ചു. പക്ഷേ കേസിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. ലോക്കൽ പൊലീസ് ഗ്രാമത്തിലെത്തി അന്വേഷണം നടത്തി പെൺകുട്ടിയുടെ അച്ഛൻ ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു," ശരണപ്പ പറഞ്ഞു.
മറ്റൊരു ജാതിയിൽപ്പെട്ട ഒരു യുവാവുമായി മകൾ പ്രണയത്തിലായതിനെ കുടുംബം ശക്തമായി എതിർത്തിരുന്നു. തൻ്റെ ബാക്കി മൂന്ന് പെൺമക്കളുടെ കൂടി വിവാഹ ജീവിതത്തിനും ഭാവിക്കും കളങ്കം വരുത്തുമെന്ന മിഥ്യാധാരണയിലാണ് അരുംകൊല നടത്താൻ ശങ്കർ തീരുമാനിച്ചുറപ്പിച്ചത്.
സംഭവ ദിവസം മകളെ പ്രണയത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചുവെങ്കിലും അവൾ കൂട്ടാക്കിയില്ല. ഇതിന് പ്രതികാരമായി മകളെ ശങ്കർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മരണം ആത്മഹത്യയായി ചിത്രീകരിക്കാനായി വായിൽ കീടനാശിനി ഒഴിക്കുകയായിരുന്നു. പിന്നീട് പ്രതി തന്നെ ബന്ധുക്കളെയും ഗ്രാമവാസികളെയും വിളിച്ചുകൂട്ടി മകളുടെ അന്ത്യകർമങ്ങൾ നടത്തിയെന്നും കമ്മീഷണർ ശരണപ്പ പറഞ്ഞു.
"ശങ്കറിൻ്റെ ബന്ധുക്കളായ രണ്ട് പേർക്ക് കൂടി കേസിൽ പങ്കുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരെയും അറസ്റ്റ് ചെയ്യും," കമ്മീഷണർ കൂട്ടിച്ചേർത്തു.