Source: X/ ANI
NATIONAL

ബിലാസ്‌പൂർ ട്രെയിനപകടത്തിൽ മരണം എട്ടായി; 17 ഓളം പേർ ഗുരുതരാവസ്ഥയിൽ

ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിൻ്റെ മുൻ കോച്ചുകൾ തകർന്ന നിലയിലായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ബിലാസ്‌പൂർ: ചൊവ്വാഴ്ച ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ ജില്ലയിലെ ലാൽ ഖദാൻ പ്രദേശത്തിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം എട്ടായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 17 ഓളം പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ബിലാസ്‌പൂർ-കാട്നി സെക്ഷനിൽ വച്ച് കോർബ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്ന ഒരു ചരക്ക് ട്രെയിനിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിൻ്റെ മുൻ കോച്ചുകൾ തകർന്ന നിലയിലായിരുന്നു.

"ഈ അപകടത്തിൽ ആകെ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നു. 16-17 പേരുടെ നില ഗുരുതരമാണ്. ഇതൊരു വലിയ അപകടമാണ്. എല്ലാവരും ഇവിടെയുണ്ട്. ഞങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്," ബിലാസ്പൂർ ജില്ലാ കളക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു.

അപകടസ്ഥലത്തെ ട്രെയിനുകളുടെ ബോഗികളും മാറ്റിയിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും റെയിൽവേ അറിയിച്ചു. അപകടം നടന്നയുടനെ റെയിൽവേ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

സുരക്ഷിതമായി രക്ഷപ്പെടുത്തിയവരിൽ ഒരു നവജാത ശിശുവും ഉൾപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ട്രെയിനിനുള്ളിൽ വച്ച് തന്നെ ഡോക്ടർമാർ ചികിത്സിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.

നിരവധി എക്സ്‌പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ഇതോടെ കുടുങ്ങിക്കിടക്കുന്ന നിരവധി യാത്രക്കാർക്ക് ബദൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാക്കുകൾ പുനഃസ്ഥാപിക്കുന്നതിനും വൈദ്യുത സംവിധാനങ്ങൾ നന്നാക്കുന്നതിനുമായി ടെക്നിക്കൽ ടീമുകൾ രാത്രി മുഴുവൻ പ്രവർത്തിക്കും.

അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഗ്നലിങ് തകരാറോ മനുഷ്യസാധ്യമായ പിഴവോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

SCROLL FOR NEXT