

പട്‌ന: ബിഹാറില്‍ ആര്‍ജെഡി അധികാരത്തില്‍ വന്നാല്‍ വാര്‍ഷിക സാമ്പത്തിക സഹായമായി 30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് ആര്‍ജെഡി നേതാവും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. 'മായി ബഹിന്‍ മാന്‍ യോജന'യില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മാസമാസം നല്‍കാനിരുന്ന 2500 രൂപ വീതമുള്ള തുക മൊത്തമായി ഒറ്റത്തവണ അക്കൗണ്ടുകളില്‍ എത്തിക്കുമെന്നാണ് വാഗ്ദാനം.
എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്വയം സംരംഭക പദ്ധതിയുടെ ഭാഗമായി 10,000 രൂപ വീതം 25 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം.
'മായി ബഹിന്‍ മാന്‍ യോജന'യില്‍ ഉള്‍പ്പെടുത്തി അടുത്ത മകര സംക്രാന്തിക്ക് (ജനുവരി 14) ന് സ്ത്രീകള്‍ക്ക് വാര്‍ഷിക സഹായമെന്ന നിലയ്ക്ക് അക്കൗണ്ടുകളില്‍ 30,000 രൂപ വരുമെന്നാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. സ്ത്രീകളുമായി 'മായി ബഹന്‍ മാന്‍ യോജന' സംബന്ധിച്ച് സംസാരിച്ചെന്നും അവരെല്ലാം വലിയ ആഹ്ലാദത്തിലും സന്തോഷത്തിലുമാണെന്നും തേജസ്വി യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡിസംബര്‍ ഒന്നുമുതല്‍ എല്ലാ മാസവും സ്ത്രീകള്‍ക്ക് 2500 രൂപ വീതം വര്‍ഷം 30,000 രൂപ ലഭിക്കുന്ന പദ്ധതി പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. നേരത്തെ 2500 രൂപ സാമ്പത്തിക സഹായം ഡിസംബര്‍ ഒന്നുമുതല്‍ ഒരോ മാസവും സ്ത്രീകളുടെ അക്കൗണ്ടുകളില്‍ എത്തുമെന്നായിരുന്നു തേജസ്വി യാദവ് അറിയിച്ചിരുന്നത്.
ആര്‍ജെഡി കര്‍ഷകര്‍ക്കും കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ വൈദ്യുതി, ജലസേജനം, പ്രധാന വിളകള്‍ക്ക് ഉയര്‍ന്ന വില എന്നിങ്ങനെയാണ് പ്രഖ്യാപനം.
'ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നെല്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്ക് പുറമെ, ക്വിന്റലിന് 300 രൂപ വീതം വെച്ച് ബോണസ് നല്‍കും. ഗോതമ്പിന് താങ്ങുവിലയ്ക്ക് പുറമെ ക്വിന്റലിന് 400 രൂപ വീതം ബോണസ് നല്‍കും,' തേജസ്വി യാദവ് പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പദ്ധതി തിരിച്ചുകൊണ്ടു വരുമെന്നും ആരോഗ്യപ്രവര്‍ത്തകരെ അവരുടെ സ്വന്തം ജില്ലക്കകത്ത് നിന്ന് 70 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പോസ്റ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ ആറിനാണ് ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഇന്ന് ബിഹാറില്‍ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും.