ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് Source: ANI
NATIONAL

"പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്"; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നായിരുന്നു നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ്. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം തന്നെ വന്നു കണ്ടിരുന്നതായി വിഷ്ണു ഡിയോ സായ് പറഞ്ഞു. എംപിമാരും എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും സായ് അറിയിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നായിരുന്നു നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. അറസ്റ്റിനെ ന്യായീകരിച്ച മുഖ്യമന്ത്രി ബസ്തറിന്റെ പെണ്‍മക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. ഇത് വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് വഴിവെച്ചത്.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സഭാ നേതൃത്വവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നതിന് ഇടയിലാണ് വിഷ്ണു ഡിയോ സായിയുടെ പ്രസ്താവന. ഇന്ന് വൈകുന്നേരം സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് കാർമലിൽ എത്തി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും.

അതേസമയം, മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സമർപ്പിക്കും. നിയമനടപടികൾ സങ്കീർണമാകും എന്നതിനാൽ പ്രത്യേക എൻഐഎ കോടതിയെ സമീപിക്കേണ്ട എന്നാണ് നിയമോപദേശം.

മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത് എൻഐഎയുടെ അന്വേഷണ പരിധിയിൽ വരുന്നതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്നലെ തള്ളിയത്.

മലയാളി കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മോചിപ്പിക്കാനായി ഇരുവരുടെയും കുടുംബാംഗങ്ങളും എംഎൽഎമാരായ റോജി എം. ജോൺ, സജീവ് ജോസഫ്, ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിൽ തുടരുകയാണ്.

SCROLL FOR NEXT