ഭോപ്പാൽ: റോഡുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണ്. എങ്കിലും അത് പാലിക്കുന്ന കാര്യത്തിൽ പലരും അത്ര പെർഫെക്റ്റല്ല. അതിനെതിരെ ഉദ്യോഗസ്ഥരും പലപ്പോഴും കണ്ണടയ്ക്കാറുണ്ട്. എന്നാൽ എന്നും അത് നടക്കണം എന്നില്ല. പലപ്പോഴും കടുത്ത നടപടികൾ നേരിടേണ്ടി വരും. അത്തരം ഒരു സംഭവമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാലിന്യം റോഡിൽ തള്ളിയ ബിജെപി നേതാവിനാണ് പണികിട്ടിയത്. മധ്യപ്രദേശിലെ ഛത്തർപൂർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ബിജെപി നേതാവ് മഹേഷ് റായി, തന്റെ വീടിന് പുറത്ത് റോഡിൽ തള്ളിയ മാലിന്യം തിരിച്ച് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെ തള്ളാൻ ശുചീകരണ ജീവനക്കാരോട് ചീഫ് മുനിസിപ്പല്‍ ഓഫീസർ ശൈലേന്ദ്ര സിംഗ് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മഹേഷ് റായി ഛത്തർപൂരിലെ തന്റെ പറമ്പിന് പുറത്തെ റോഡിലേക്കാണ് ബിജെപി നേതാവ് മാലിന്യം തള്ളിയത്. ഒഴിഞ്ഞ മധുരപലഹാരപ്പെട്ടികൾ, വാഷിംഗ് ഡിറ്റർജന്റ് പാക്കറ്റുകൾ, പേപ്പറുകൾ എന്നിവയായിരുന്നു മാലിന്യത്തില്‍ ഉണ്ടായിരുന്നത്. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് ചീഫ് മുനിസിപ്പല്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് അദ്ദേഹം ശുചീകരണത്തൊഴിലാളിയെ വിളിച്ച് മാലിന്യം അതേ വീട്ടിൽ തന്നെ കൊണ്ടുപോയി ഇടാൻ പറഞ്ഞു. "അവന്റെ വീട്ടിലെ മാലിന്യം മുഴുവൻ അവന്റെ വീട്ടിൽ തന്നെ തള്ളൂ" എന്നായിരുന്നു ഓഫീസർ പറഞ്ഞത്.
തന്റെ വീട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാല്‍ പൊലീസിൽ പരാതിപ്പെടുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തുന്നതായും വീഡിയോയിൽ കേൾക്കാം. നിരവധി ഉദ്യോഗസ്ഥരേയും പരിശോധനയ്ക്ക് വേണ്ടി വിളിപ്പിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ചീഫ് മുനിസിപ്പല്‍ ഓഫീസറെ പ്രശംസിച്ച് നിരവധി ആളുകളാണ് പ്രതികരിച്ചത്.
മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് നിലവില്‍ മധ്യപ്രദേശ് ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികൾ കൊണ്ട് വന്നെങ്കിലും, രാജ്യത്തെ മാലിന്യ നിർമ്മാർജ്ജനം അത്ര മികച്ച രീതിയിലല്ല നടക്കുന്നതെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. രാഷ്ട്രീയക്കാരും നിയമങ്ങൾ പാലിക്കണം, നിയമം നടപ്പാക്കാന്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഇതുപോലുള്ള ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നുമാണ് പലരും വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.