ഡൽഹി: കുട്ടികൾക്ക് ഇൻ്റർനെറ്റ് ഉപയോഗത്തിന് പ്രായം മാനദണ്ഡമാക്കി വിലക്കേർപ്പെടുത്തുന്നതിനെ ചൊല്ലി സുപ്രീം കോടതിയിലെ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ ഇന്ന് നടത്തുകയുണ്ടായി. ഭരണഘടനാപരമായി മുതിർന്നവരെ പോലെ തന്നെയുള്ള അവകാശമുള്ളവരാണ് കുട്ടികളെന്ന് ഓർമപ്പെടുത്തുന്ന നിരീക്ഷണമാണ് കോടതി ഇന്ന് നടത്തിയത്. ഒരു നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷിക്കാൻ തക്ക മനസാക്ഷിയോ പ്രകടിപ്പിക്കാൻ തക്ക സംസാര സ്വാതന്ത്ര്യമോ ഇല്ലെന്ന് പറയുന്നത് പോലെ അസംബന്ധമാണ് ഇൻ്റർനെറ്റ് വിലക്കാനുള്ള നീക്കമെന്നാണ് കോടതി വിലയിരുത്തിയത്.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അടങ്ങുന്ന ബെഞ്ച് ഇന്ന് നടത്തിയ സുപ്രധാന നിരീക്ഷണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടികൾക്ക് ഇൻ്റർനെറ്റ് ഉപയോഗത്തിന് പ്രായം മാനദണ്ഡമാക്കി വിലക്കേർപ്പെടുത്തുന്നതും ഇൻ്റർനെറ്റ് ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്നതും മൗലികാവകാശ ലംഘനമാണെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21, 19(1)(എ) എന്നിവ പ്രകാരം എല്ലാ വ്യക്തികൾക്കും ഇൻ്റർനെറ്റ് ഉപയോഗിക്കാമെന്നത് മൗലികാവകാശം ആണെന്ന് കോടതി നിരീക്ഷിച്ചു.
നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികൾക്ക് വിവേകമില്ലെന്ന് കരുതുന്നതും അവർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് കണക്കാക്കുന്നതും തെറ്റാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന സാഹചര്യം തടയാനുള്ള സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചായിരുന്നു ജസ്റ്റിസ് ജെ.ബി. പർദിവാല , ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
"ഇൻ്റർനെറ്റ് ഉപയോഗിക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21നോടൊപ്പം ആർട്ടിക്കിൾ 19(1)(എ)യും ചേർന്ന് വായിക്കുന്ന ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. നമ്മുടെ കുട്ടികൾ, അവരുടെ പ്രായം കണക്കിലെടുക്കാതെ ഒരേ അവകാശങ്ങളാണ് ആസ്വദിക്കുന്നത്. അത് നിഷേധിക്കുന്നത് ഒരു നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷിക്കാൻ തക്ക മനസാക്ഷിയോ പ്രകടിപ്പിക്കാൻ തക്ക സംസാര സ്വാതന്ത്ര്യമോ ഇല്ലെന്ന് പറയുന്നത് പോലെ അസംബന്ധമായിരിക്കും. നമ്മുടെ കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പരം വിരുദ്ധമല്ല. നമ്മുടെ കുട്ടികൾക്ക് രണ്ടിനും അർഹതയുണ്ട്," സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ വിവരങ്ങളും ആശയങ്ങളും അറിയാനും സ്വീകരിക്കാനും കൈമാറാനുമുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശയങ്ങളുടെയും സൃഷ്ടിപരമായ ആവിഷ്കാരത്തിൻ്റേയും വിവരങ്ങളുടേയും ഒരു വിപണിയായി ഇൻ്റർനെറ്റിനെ വിശേഷിപ്പിച്ച കോടതി, അതിൻ്റെ മൂല്യം അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളിൽ മാത്രമല്ല, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ അനുമതി നൽകുന്നതിലുമുണ്ടെന്നും പറഞ്ഞു.
പല കുട്ടികൾക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക്, ഇൻ്റർനെറ്റ് പലപ്പോഴും പഠനത്തിൻ്റേയും വിവരങ്ങളുടേയും ഏക ഉറവിടമാണെന്നും കോടതി നിരീക്ഷിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടേത് പോലുള്ള മറ്റുള്ളവരുമായി സംവദിക്കാനും സൗഹൃദം സ്ഥാപിക്കാനും കഴിയുന്ന ഇടമാണ് ഇൻ്റർനെറ്റ് എന്നും കോടതി ചൂണ്ടിക്കാട്ടി.
"ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 19(1)(ജി) പ്രകാരം, ഇൻ്റർനെറ്റ് വഴി ഏതെങ്കിലും വ്യാപാരമോ ബിസിനസോ നടത്താനുള്ള സ്വാതന്ത്ര്യവും, സംസാര-ആവിഷ്കാര സ്വാതന്ത്ര്യവും മൗലികാവകാശമായി ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു," എന്ന് അനുരാധ ഭാസിൻ vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ 2020ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ബെഞ്ച് ചൂണ്ടിക്കാട്ടി.