Source: X
NATIONAL

അനുമതിയില്ലാത്ത പ്രദേശങ്ങൾ സന്ദർശിച്ചു; ശ്രീനഗറിൽ ചൈനീസ് പൗരൻ പിടിയിൽ

നവംബർ 19 ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ ഹു കോങ്‌തായ് ആണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

ശ്രീനഗറിൽ വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനും അനുമതിയില്ലാതെ ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനവും സെൻസിറ്റീവുമായ പ്രദേശങ്ങൾ സന്ദർശിച്ചതിനും ചൈനീസ് പൗരൻ കസ്റ്റഡിയിൽ. തന്ത്രപ്രധാനമായ എന്തെങ്കിലും വിവരങ്ങൾ ചോർത്തിയോ എന്നറിയാൻ ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

നവംബർ 19 ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ ഹു കോങ്‌തായ് ആണ് അറസ്റ്റിലായത്. ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ (FRRO) രജിസ്റ്റർ ചെയ്യാതെ ലെ, സാൻസ്കാർ, കശ്മീർ താഴ്‌വരയിലെ വിവിധ സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള നിയന്ത്രിത പ്രദേശങ്ങൾ സന്ദർശിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതത്.

വാരണാസി, ആഗ്ര, ന്യൂഡൽഹി, ജയ്പൂർ, സാരനാഥ്, ഗയ, കുശിനഗർ തുടങ്ങിയ തിരഞ്ഞെടുത്ത ബുദ്ധമത സ്ഥലങ്ങൾ മാത്രമേ സന്ദർശിക്കാൻ വിസ അനുവദിച്ചിട്ടുള്ളൂവെങ്കിലും, 29 കാരനായ കോങ്തായി മൂന്ന് ദിവസമാണ് സാൻസ്കറിൽ താമസിച്ചത്. ഇവിടുത്തെ ആശ്രമങ്ങളും തന്ത്രപ്രധാനമായ സ്ഥലങ്ങളും ഇയാൾ സന്ദർശിക്കുകയും ചെയ്തു.

ഇന്ത്യയിലെത്തിയയുടൻ വിപണിയിൽ നിന്ന് ഒരു ഇന്ത്യൻ സിം കാർഡ് വാങ്ങിയതും കോങ്തായിയുടെ പ്രവൃത്തികളെ കുറിച്ച് സംശയത്തിനിട വരുത്തി. സിആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടും കോങ്തായി ഗൂഗിളിൽ തിരഞ്ഞിരുന്നു. ഇയാൾ ബ്രൗസിംഗ് ഹിസ്റ്ററി ഇല്ലാതാക്കിയിട്ടുണ്ടോ എന്നും സുരക്ഷാ ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിൽ, വിസ മാനദണ്ഡ ലംഘനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് കോങ്തായി അറിയിച്ചത്. ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രം പഠിച്ചതായി അവകാശപ്പെട്ട ഇയാൾ കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിൽ താമസിക്കുകയാണെവന്നും യാത്രാപ്രിയനാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. നിലവിൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെശ്രീനഗർ വിമാനത്താവളത്തിനടുത്തുള്ള ബുഡ്ഗാം ജില്ലയിലെ ഹംഹാമ പൊലീസ് പോസ്റ്റിലെത്തിച്ചിട്ടുണ്ട്.

SCROLL FOR NEXT