ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിജെപി  
NATIONAL

"48 മണിക്കൂർ അന്ത്യശാസനം"; ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

കേരളത്തിലെ സിപിഐഎം പരാജയത്തിന് പിന്നിൽ എസ്ഐആർ വെട്ടിനിരത്തലെന്ന് സിജെപി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതക്ക് പിന്നാലെ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങി സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.

ബിജെപി ഭരണത്തിന് പിന്നിൽ മോദിയല്ല, ഗ്യാനേഷ് കുമാറെന്ന് അഭിജിത്ത് ദീപ്കെ ആരോപിച്ചു. ജനാധിപത്യം അട്ടിമറിക്കുന്ന എസ്ഐആർ നിർത്തിവെക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഐഎം പരാജയത്തിന് പിന്നിൽ എസ്ഐആർ വെട്ടിനിരത്തലാണെന്നും സിജെപി കുറ്റപ്പെടുത്തി. പിണറായി വിജയന് ഭരണം നഷ്ടപ്പെട്ടത് വോട്ട് വെട്ടി മാറ്റിയത് കൊണ്ടാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു.

ഡൽഹിയിലും ബംഗാളിലും തമിഴ്നാട്ടിലും സമാന സ്ഥിതിയാണ് ഉണ്ടായത്. പ്രതിപക്ഷത്തെ ശക്തരായ നേതാക്കളെ ഇല്ലാതാക്കാൻ ബിജെപി എസ്ഐആർ ആയുധമാക്കുകയാണ്. 2024-ലെ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ബിജെപി പരിഭ്രാന്തിയിലാവുകയും, പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി വോട്ടുകൾ നീക്കം ചെയ്യുകയും ചെയ്തുവെന്ന് സിജെപി ആരോപിച്ചു.

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ മണ്ഡലത്തിൽ നിന്ന് 50,000 വോട്ടുകളും, തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ്റെ മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷം വോട്ടുകളും, ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ മണ്ഡലത്തിൽ നിന്ന് 40,000 വോട്ടുകളും വെട്ടിമാറ്റിയതാണ് ഇവരുടെ തോൽവിക്ക് വഴിവെച്ചതെന്നും സിജെപി വക്തമാക്കൾ ചൂണ്ടിക്കാട്ടി.

ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന ജനാധിപത്യ രീതിക്ക് പകരം ഗ്യാനേഷ് കുമാർ ചുമതലയേറ്റ ശേഷം ആരൊക്കെ വോട്ട് ചെയ്യണം, ആരൊക്കെ വോട്ട് ചെയ്യേണ്ട എന്ന് സർക്കാർ തീരുമാനിക്കുന്ന രീതിയിലേക്ക് മാറിയെന്നും സിജെപി ആരോപിച്ചു. രാജ്യവ്യാപകമായി 13 കോടിയോളം വോട്ടുകൾ അനധികൃതമായി നീക്കം ചെയ്ത നടപടിക്കെതിരെ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണെന്ന് സിജെപി വ്യക്തമാക്കി.

SCROLL FOR NEXT