

ഡൽഹി: മരുന്നുകടക്കാർക്ക് 2,700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് രോഗികൾക്ക് 27,000 രൂപയ്ക്ക് വിൽക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. പാവപ്പെട്ട രോഗികളെ ലക്ഷ്യമിട്ട് നടക്കുന്നത് പകൽക്കൊള്ളയാണെന്ന് കോടതി നിരീക്ഷിച്ചു.
ഡോക്ടർമാർ ജനറിക് മരുന്നുകൾ നിർബന്ധമായും കുറിച്ച് നൽകണമെന്നും, നിലവിൽ വില നിയന്ത്രണ പട്ടികയിൽ ഇല്ലാത്ത മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഇടപെട്ടത്.
മരുന്ന് കമ്പനികൾ തുച്ഛമായ വിലയ്ക്ക് കടകളിലേക്ക് നൽകുന്ന അത്യാവശ്യ കാൻസർ മരുന്നുകൾക്ക് പോലും പത്തിരട്ടി വില രേഖപ്പെടുത്തി രോഗികളെ പിഴിയുകയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി. ഇത്തരം കൊള്ളകൾക്ക് എതിരെ കർശന നടപടിയെടുക്കേണ്ട അധികാരികൾ മിണ്ടാതിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആശുപത്രികൾ കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങി ഉയർന്ന നിരക്കിൽ സർക്കാരിൽ നിന്ന് പണം ഈടാക്കുന്നത് വലിയ ക്രമക്കേടാണെന്നും കോടതി വ്യക്തമാക്കി. വിപണിയിലെ 82 ശതമാനത്തോളം മരുന്നുകൾക്കും നിലവിൽ സർക്കാർ തലത്തിൽ വിലനിയന്ത്രണമില്ല. ഇതാണ് കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.
വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ജൻ ഔഷധി വഴി കുറഞ്ഞ നിരക്കിൽ മരുന്നുകൾ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സെപ്റ്റംബർ 29-ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.