നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങളിലേക്ക് പോകുമെന്ന് സിജെപി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സിജെപി നിലപാട് വ്യക്തമാക്കിയത്. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആറുകളില്‍ അന്വേഷണം തുടരാമെന്നും, എന്നാല്‍ ഈ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള നടപടി പാടില്ലെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത് പ്രതിഷേധക്കാര്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കാതിരിക്കാനുള്ള ന്യായീകരണമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് എക്സില്‍ കുറിച്ചു. ഡല്‍ഹിക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കണം എന്നത് സിജെപിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നെന്നും സൗരവ് ചൂണ്ടിക്കാട്ടി.
ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ച്, അസമും ബിഹാറും ഉള്‍പ്പെടെ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. സുപ്രീം കോടതി അന്വേഷണത്തിന് അനുമതി നൽകിയെങ്കിലും പൊലീസ് നടപടി നിർബന്ധമാക്കിയിട്ടില്ല. ചൊവ്വാഴ്ചയാണ് എഫ്‌ഐആറുകൾ പിൻവലിക്കാനുള്ള സമയപരിധി. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സിജെപി വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് നിര്‍ബന്ധിതരാകുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.
"സിജെപി സമരവുമായി ബന്ധപ്പെട്ട പൊതു താല്‍പ്പര്യ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് രാജ്യമെങ്ങും അപായമണി മുഴക്കുന്നു. കോടതിയുടെ നാലാമത്തെ നിര്‍ദേശം, നിലവിലുള്ള എഫ്‌ഐആറുകളില്‍ അന്വേഷണം തുടരാൻ സർക്കാരുകൾക്ക് അനുമതി നൽകുന്നതാണ്. ജൂലൈ 25-ന് കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കൾക്ക് നൽകിയ ഉറപ്പിന് വിരുദ്ധമാണ് ഈ നിര്‍ദേശം. പ്രതിഷേധക്കാര്‍ക്കെതിരായ എഫ്‌ഐആറുകൾ പിൻവലിക്കുമെന്നും സമാധാനപരമായി പ്രതിഷേധത്തിൽ പങ്കെടുത്തവരെ നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്." സൗരവ് ദാസ് എക്സില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു 37 ദിവസം നീണ്ട സമരം സിജെപി അവസാനിപ്പിച്ചത്.
കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ഈ ഉത്തരവിനെ എതിർക്കാതിരുന്നത് ആശങ്കാജനകമാണെന്നും സൗരവ് ദാസ് വിമർശിച്ചു. കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ഉത്തരവിനെ പ്രതിഷേധക്കാരെ വേട്ടയാടാനുള്ള ആയുധമാക്കുമെന്ന ആശങ്ക ഞങ്ങൾക്കുണ്ട്. സർക്കാരിന്റെ ഉറപ്പുകൾ സുപ്രീം കോടതിയിൽ അവതരിപ്പിക്കാതിരുന്നത് ഖേദകരമാണ്. കോടതി അന്വേഷണത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ എഫ്‌ഐആറുകൾ നിർബന്ധമായും തുടരണം എന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാൽ സർക്കാരുകൾക്ക് കേസുകൾ പിൻവലിക്കാം. കോടതി ഉത്തരവിനെ ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറരുത്. സര്‍ക്കാരിന്റെ വാക്കു വിശ്വാസിച്ചാണ് യുവാക്കള്‍ സമരം അവസാനിപ്പിച്ചത്. ആ വിശ്വാസം തകര്‍ക്കരുത്. അല്ലാത്തപക്ഷം സിജെപി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്നും സൗരവ് ദാസ് വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി തുടർന്നാൽ വീണ്ടും ശക്തമായ സമരം ഉണ്ടാകുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയും വ്യക്തമാക്കി. "വിദ്യാർഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം. അല്ലെങ്കിൽ വലിയ പ്രതിഷേധവുമായി ഞങ്ങൾ വീണ്ടും തെരുവിലിറങ്ങും," അഭിജീത് എക്‌സിൽ കുറിച്ചു.