മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിൻ Source: x/Satyendar Jain, Manish Sisodia
NATIONAL

ക്ലാസ്‌റൂം അഴിമതിക്കേസ്: AAP മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയയ്‌ക്കും സത്യേന്ദര്‍ ജെയിനിനും സമൻസ്

2000 കോടിയുടെ ക്ലാസ് റൂം നിർമാണ അഴിമതിക്കേസിലാണ് ഇവർക്കെതിരെ സമൻസ് അയച്ചത്.

Author : ന്യൂസ് ഡെസ്ക്

ക്ലാസ് റൂം നിർമാണ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്ക് ഡൽഹി പൊലീസ് സമൻസ് അയച്ചു. 2000 കോടിയുടെ അഴിമതിയാണ് ഇവർ നടത്തിയതെന്നാണ് ആരോപണം.

മുൻ ആം ആദ്മി സർക്കാരിൻ്റെ കാലത്ത് 12,748 ക്ലാസ് മുറികളുടെയും കെട്ടിടങ്ങളുടെയും നിർമാണം ഉയർന്ന ചെലവിൽ നടത്തിയെന്ന് ആരോപിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഏപ്രിൽ 30 ന് രണ്ട് നേതാക്കൾക്കെതിരെയും എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

ഈ കാലത്ത് ആം ആദ്മി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മനീഷ് സിസോദിയ. സത്യേന്ദർ ജെയിൻ പൊതുമരാമത്ത് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കാര്യമായ വ്യതിയാനങ്ങളും ചെലവ് വർധനയും ശ്രദ്ധയിൽപ്പെട്ടെങ്കിലും നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഒരു ജോലി പോലും പൂർത്തിയാക്കിയില്ല എന്ന് അഴിമതി വിരുദ്ധ സമിതി സമർപ്പിച്ച എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൺസൾട്ടൻ്റിനെയും ആർക്കിടെക്റ്റിനെയും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിയമിച്ചത്. യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് 17-എ പിഒസി ആക്ട് പ്രകാരം അനുമതി ലഭിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണസംഘം അറിയിച്ചു.

റെസിഡൻഷ്യൽ ഫ്ലാറ്റുകളുടെ ശരാശരി ചെലവ് ചതുരശ്ര അടിക്ക് ഏകദേശം 1,500 രൂപയാണെന്ന് അറിയാമായിരുന്നിട്ടും,12,500-ലധികം ക്ലാസ് മുറികൾ ചതുരശ്ര അടിക്ക് 8,800 രൂപ നിരക്കിലാണ് നിർമിച്ചതെന്ന് ഏജൻസി ആരോപിച്ചു.

ഏകദേശം അഞ്ച് ലക്ഷം രൂപയ്ക്ക് നിർമിക്കാൻ സാധിക്കുന്ന ക്ലാസ് മുറികൾ 24.86 ലക്ഷം രൂപയ്ക്കാണ് നിർമിച്ചത്. സിസോദിയയും ജെയിനും എഎപി സർക്കാരിൽ ഉണ്ടായിരുന്ന കാലത്ത് നടന്നതായി പറയപ്പെടുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി സർക്കാരിൻ്റെ വിജിലൻസ് ഡയറക്ടറേറ്റ് ശുപാർശ ചെയ്യുകയും ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് 2022 ൽ കേസ് പുറത്തുവന്നത്.

SCROLL FOR NEXT