NATIONAL

ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം, ഷിംലയിൽ മണ്ണിടിച്ചിൽ; ചമോലിയിലെ വെള്ളപ്പൊക്കത്തിൽ 14 പേരെ കാണാതായെന്ന് റിപ്പോർട്ട്

കിനൗർ ജില്ലയിലെ താച്ച് ഗ്രാമത്തിൽ പുലർച്ചെ 12:10 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. കിനൗർ ജില്ലയിലെ താച്ച് ഗ്രാമത്തിൽ പുലർച്ചെ 12:10 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടത്തെ തുടർന്ന് നിഗുൽസാരി, കിനൗറിൽ ദേശിയപാത 5 പൂർണമായും അടച്ചു. വെള്ളപ്പൊക്കത്തിൽ താച്ച് ഗ്രാമത്തിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണമായും ഒലിച്ചു പോയി. പ്രദേശവാസികൾ സുരക്ഷിമായ ഇടങ്ങളിലേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി.

ഷിംലയിലുണ്ടായ മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഷിംലയിലെ എഡ്വേർഡ് സ്കൂളിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. നഗരത്തിലെ സുപ്രധാനമായ സർക്കുലർ റോഡ് അടച്ചിട്ടു. കുമാർസൈനിലെ കരേവതി പ്രദേശത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. കരേവതി പ്രദേശത്ത് മൂന്ന് നില വീട് തകർന്നുവീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 35 വീടുകൾ തകർന്നു. 14 പേരെ കാണാതായതായാണ് റിപ്പോർട്ട്. 20 ലധികം പേർക്ക് പരിക്കേറ്റു. 200ലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്കുകൾ. ഡെറാഡൂൺ-മുസ്സൂറി റോഡ് പൂർണമായും തകർന്നു. സോൻഭദ്രയിലെ റിഹാൻഡ് അണക്കെട്ടിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കൗശാമ്പിയിൽ ഇടിമിന്നലിൽ രണ്ട് സ്ത്രീകൾക്കാണ് ജീവൻ നഷ്ടമായത്.

മഴക്കെടുതികളിൽ ഇതുവരെ 424 പേർക്കാണ് ഹിമാചൽ പ്രദേശിൽ ജീവൻ നഷ്ടമായത്. സെപ്റ്റംബർ 17ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് പേർ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 650 ലധികം റോഡുകളിലെ ​ഗതാ​ഗതം ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.

അതേസമയം, ഹിമാചൽ പ്രദേശിനെ ദുരന്തബാധിത സംസ്ഥാനമായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20,000 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കൊടുതിയിൽ സംസ്ഥാനത്തുണ്ടായത്. അടിയന്തര സാമ്പത്തിക സഹായത്തിനും ദുരിതാശ്വാസ സഹായത്തിനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

SCROLL FOR NEXT