പ്രസാദമായി ലഭിച്ച ലഡുവിൽ കണ്ടെത്തിയ പാറ്റ Source: X/ TeluguScribe
NATIONAL

പ്രസാദമായി ലഭിച്ച ലഡുവിൽ പാറ്റ; ആന്ധ്രയിലെ ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് ഭക്തൻ!

ആന്ധ്രാപ്രദേശിലെ ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ച ലഡുവിൽ നിന്നാണ് പാറ്റയെ ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാ പ്രദേശിലെ ക്ഷേത്രത്തിൽ പ്രസാദമായി ലഭിച്ച ലഡുവിൽ പാറ്റയെ കണ്ടെത്തിയതിനെ തുട‍ർന്ന് പ്രതിഷേധം. ആന്ധ്രാപ്രദേശിലെ ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ച ലഡുവിൽ നിന്നാണ് ഭക്തൻ പാറ്റയെ കണ്ടെത്തിയത്. ഇതേ തുട‍‌ർന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സരസ്ചന്ദ്ര കെ. എന്നയാൾ ലഡുവിന്റെ അകത്ത് ചത്ത ഒരു പ്രാണി കിടക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

സരസ്ചന്ദ്ര ഉടൻ തന്നെ ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇത് സംബന്ധിച്ച് പരാതി നൽകി. അശ്രദ്ധരായ ജീവനക്കാരാണ് ലഡു ഉണ്ടാക്കിയതെന്ന് ഭക്തൻ പരാതിയായി നൽകിയ കത്തിൽ പരാമർശിച്ചു. "ജൂൺ 29ന് ഞാൻ ശ്രീശൈലം ദേവസ്ഥാനം സന്ദർശിച്ചപ്പോൾ പ്രസാദമായി ലഭിച്ച ലഡുവിൽ ഒരു പാറ്റയെ കണ്ടെത്തി. പ്രസാദം ഉണ്ടാക്കുമ്പോൾ ദേവസ്ഥാനം ജീവനക്കാർ അശ്രദ്ധ കാണിക്കുന്നു. ദയവായി വിഷയം ​ഗൗരവമായെടുത്ത് പ്രശ്നത്തിന് പരിഹാരം കാണണം," സരസ്ചന്ദ്ര പരാതിയിൽ അറിയിച്ചു.

എന്നാൽ, ക്ഷേത്രം ഉദ്യോഗസ്ഥൻ സരസ്ചന്ദ്രയുടെ ആരോപണം നിഷേധിച്ചു. ശുചിത്വം പാലിച്ചുകൊണ്ടാണ് അവർ ലഡു നിർമിക്കുന്നതെന്ന് ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ റാവു അറിയിച്ചു. നിർമാണ സ്ഥലത്ത് ലഡു തയ്യാറാക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ നിരന്തര മേൽനോട്ടത്തിലാണ്, അതിൽ നിന്ന് ഒരു പാറ്റയെ കണ്ടെത്താൻ യാതൊരു സാധ്യതയുമില്ലെന്ന് ശ്രീനിവാസ റാവു അറിയിച്ചു. പ്രസാദത്തെക്കുറിച്ച് ഭക്തർ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും റാവു അറിയിച്ചു.

SCROLL FOR NEXT