NATIONAL

"നിങ്ങൾ ബീഫ് കഴിക്കുമോ?"; ജാതിയുടെ പേരിൽ ക്ലാസ് ടീച്ചറുടെയും സഹപാഠികളുടേയും പരിഹാസം, കോയമ്പത്തൂരിൽ 16കാരൻ ജീവനൊടുക്കി!

കോയമ്പത്തൂരിലെ അവിനാശി റോഡിലുള്ള പീലാമേടിലാണ് ദാരുണമായ സംഭവം.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ ക്ലാസ് ടീച്ചറുടെയും സഹപാഠികളുടേയും പരിഹാസത്തെ തുടർന്ന് സർക്കാർ എയ്ഡഡ് സ്കൂളിലെ ദലിത്‌ വിഭാഗക്കാരനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. കോയമ്പത്തൂരിലെ അവിനാശി റോഡിലുള്ള പീലാമേടിലാണ് ദാരുണമായ സംഭവം.

പട്ടികജാതിക്കാരനായ പതിനൊന്നാം ക്ലാസ് വിദ്യാർഥി അകിലനാണ് ജാതിയുടെയും ബീഫ് കഴിച്ചതിൻ്റേയും പേരിൽ സഹപാഠികളും അധ്യാപകനും പരിഹസിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഉയർന്ന ജാതിക്കാരായ രണ്ട് സഹപാഠികൾ അകിലനെ മർദ്ദിച്ചിരുന്നുവെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അകിലനെ (16) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാറിൽ ഒരു റിസോർട്ടിലെ അലക്ക് ജോലി ചെയ്യുന്ന അശോക് കുമാറിൻ്റേയും വീട്ടു ജോലിക്കാരിയായ കൗസല്യാ ദേവിയുടേയും മകനാണ് അകിലൻ.

സംഭവത്തിൽ ശ്രീ കെ.കെ. നായിഡു എച്ച്.എസ്.എസിലെ രണ്ട് വിദ്യാർഥികൾ, ഹെഡ് മാസ്റ്റർ അരുൺകുമാർ, ക്ലാസ് ടീച്ചർ വിജയകുമാർ എന്നിവർക്കെതിരെ പീളമേട് പൊലീസ് കേസെടുത്തിരുന്നു. മരിച്ച അകിലൻ്റെ സഹപാഠികളായ രണ്ട് പേരും "ഉയർന്ന ജാതിക്കാർ" ആണെന്ന് പൊലീസ് പറഞ്ഞു. അധ്യാപകരെ ഇരുവരെയും നിലവിൽ സ്കൂളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്.

അടുത്തിടെ പട്ടികജാതിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി കണക്കെടുക്കവെ, വിദ്യാർഥികളിൽ എത്ര പേർ ബീഫ് കഴിക്കുമെന്ന് അധ്യാപകൻ ചോദിച്ചിരുന്നു. അകിലനും മറ്റൊരു കുട്ടിയും എഴുന്നേറ്റു നിന്നിരുന്നു. അന്നു മുതൽ മകനെ രണ്ട് സഹപാഠികൾ ജാതിയുടെ പേരിൽ ഉപദ്രവിച്ചിരുന്നതായും അവഹേളിച്ചിരുന്നതായതും അമ്മ കൗസല്യാ ദേവി ആരോപിച്ചു.

പീഡനത്തെക്കുറിച്ച് അകിലൻ അധ്യാപകനായ വിജയകുമാറിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നടപടിയെടുത്തില്ലെന്ന് അമ്മ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115(2), 108, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3(2)(വി) എന്നിവ പ്രകാരം രണ്ട് വിദ്യാർഥികൾക്കും അധ്യാപകനും പ്രിൻസിപ്പലിനും എതിരെ പൊലീസ് കേസെടുത്തു.

ശരിയായ അന്വേഷണം നടത്തണമെന്നും അധ്യാപകനേയും പ്രധാനാധ്യാപകനേയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച വൈകീട്ട് അകിലൻ്റെ മാതാപിതാക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടത്താത്തതിനാൽ വ്യാഴാഴ്ച രാത്രി വരെ മൃതദേഹം കുടുംബത്തിന് വിട്ടുകിട്ടിയിരുന്നില്ല.

"അകിലൻ അഭിഭാഷകനാകാൻ ആഗ്രഹിച്ചിരുന്നു. എൻ്റെ മകൻ്റെ മരണത്തിന് സ്കൂൾ മാനേജ്മെൻ്റും അധ്യാപകനുമാണ് ഉത്തരവാദികൾ. ഞങ്ങൾക്ക് നീതി വേണം," അച്ഛൻ അശോക് കുമാർ പറഞ്ഞു. സംഭവത്തിൽ കമ്മീഷണർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ തങ്കദുരൈ പറഞ്ഞു. ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ടെന്ന് എസിപി പറഞ്ഞു.

SCROLL FOR NEXT