ഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ടും ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ഉൾപ്പെടെ ഈ സമയത്ത് മൂടൽമഞ്ഞ് വരുന്നത് കാലാവസ്ഥാ വ്യതിയാനമാണെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ജനജീവിതത്തെ സാരമായി ബാധിച്ചു. ലഖ്നൗ, അമൃത്സർ, പാറ്റ്ന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ കാഴ്ചാപരിധി 50 മീറ്ററിൽ താഴെ എത്തിയിട്ടുണ്ട്. ഈ മൂന്ന് വിമാന താവളങ്ങളിലും വിമാന സർവീസുകളെ മൂടൽമഞ്ഞ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ നാലിടത്ത് മഞ്ഞുവീഴ്ചയും ആരംഭിച്ചിട്ടുണ്ട്. ശ്രീനഗറിൽ ആദ്യത്തെ മഞ്ഞുവീഴ്ച ഇന്ന് രാവിലെയോടെ ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ട്രെയിൻ, റോഡ് ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ഡൽഹിയിൽ വായു മലിനീകരണ തോത് അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും മൂടൽമഞ്ഞ് ഭീഷണിയായി തുടരുകയാണ്.