

ഡൽഹി: സംരക്ഷിത വനമേഖലയായി പരിഗണിക്കപ്പെടുന്ന ആരവല്ലി കുന്നുകളുടെ നിർവചനം മാറ്റിയതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയരുന്നതിനിടെ വിഷയം സ്വമേധയാ പരിഗണിക്കാൻ സുപ്രീം കോടതി. ആരവല്ലി കുന്നുകളുടെ വിവാദപരമായ നിർവചനവും അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
'ആരവല്ലി കുന്നുകളുടെയും പർവതനിരകളുടെയും നിർവചനവും അനുബന്ധ പ്രശ്നങ്ങളും' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേസ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങുന്ന സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക.
ആരവല്ലി പർവതനിരകളുടെ പുതിയ നിർവചനം കേന്ദ്രം പ്രഖ്യാപിച്ചതിന് ശേഷമാണ് ആരവല്ലി വിവാദം ആരംഭിച്ചത്. ഇതോടെ ദുർബലമായ പർവത ആവാസവ്യവസ്ഥയുടെ നല്ലൊരു ഭാഗവും ഖനനത്തിന് തുറന്നുകൊടുക്കുമെന്ന് ആക്ടിവിസ്റ്റുകളും ശാസ്ത്രജ്ഞരും ആശങ്കയറിയിച്ചതോടെ ആണിത്. സുസ്ഥിര ഖനനത്തിനായുള്ള സമഗ്രമായ ഒരു മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കുന്നത് വരെ ആരവല്ലി കുന്നുകളിലെ ഖനനത്തിനുള്ള പുതിയ പാട്ടക്കാലാവധി സുപ്രീം കോടതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
സുപ്രീം കോടതി ഉത്തരവിന് ശേഷം ആരവല്ലിയിലെ പുതിയ ഖനന പാട്ടങ്ങൾക്ക് പൂർണമായി നിർത്തലാക്കുമെന്ന് കേന്ദ്ര സർക്കാരും പ്രഖ്യാപിച്ചു. മതിയായ ശാസ്ത്രീയ വിലയിരുത്തലോ പൊതുജനാഭിപ്രായ ചർച്ചയോ ഇല്ലാതെയാണ് ആരവല്ലി കുന്നുകളുടെ നിർവചനം കേന്ദ്ര സർക്കാർ മാറ്റിയതെന്നും, അതിനാൽ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ആരവല്ലി കുന്നുകളുടെ വലിയൊരു ഭാഗവും ഖനനത്തിന് വിധേയമാക്കാൻ സാധ്യതയുണ്ടെന്നും പുതിയ നിർവചനത്തെ എതിർക്കുന്നവർ ആരോപിക്കുന്നു.
പാരിസ്ഥിതിക, ഭൂമിശാസ്ത്ര, ഭൂപ്രകൃതി തലത്തിലുള്ള പരിഗണനകളെ അടിസ്ഥാനമാക്കി, ഖനനം നിരോധിക്കേണ്ട ആരവല്ലി മുഴുവൻ പ്രദേശങ്ങളും കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷനോട് (ഐസിഎഫ്ആർഇ) ആവശ്യപ്പെട്ടിട്ടുണ്ട്.
സംരക്ഷിത വനമേഖലയായി പരിഗണിക്കപ്പെടുന്ന ആരവല്ലി കുന്നുകളുടെ നിർവചനം മാറ്റിയതാണ് വന്‍പ്രതിഷേധത്തിന് കാരണമായത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ പുതിയ നിർവചനത്തിന് സുപ്രീം കോടതിയും അംഗീകാരം നൽകിയതോടെ ആരവല്ലിയുടെ ഏതാണ്ട് 90 ശതമാനവും സംരക്ഷണ പരിധിയിൽ നിന്ന് പുറത്തായി. ഭൂനിരപ്പിൽനിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള ഭൂപ്രകൃതികളെ മാത്രമേ ഇനി കുന്നായി കണക്കാക്കൂ.
100 മീറ്ററിലധികം ഉയരമുള്ള രണ്ട് കുന്നുകൾ തമ്മിലുള്ള അകലം 500 മീറ്ററിൽ താഴെയാണെങ്കിൽ മാത്രമേ അവ പർവതമായി കണക്കാക്കൂ. ഈ ഉയരമോ ദൂരപരിധിയോ ഇല്ലാത്ത ചെറിയ കുന്നുകൾ, പാറക്കെട്ടുകൾ, മൺകൂനകൾ എന്നിവ 'ആരവല്ലി'യുടെ ഭാഗമല്ലാതായി മാറും. നിർവചനം മാറുന്നതോടെ പല കുന്നുകളും സമതലങ്ങളാകും. ഇത് വൻകിട ക്വാറി ഉടമകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും നിയമതടസമില്ലാതെ ഖനനവും നിർമാണവും നടത്താനാകും.
1.44 ലക്ഷം ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന ആരവല്ലിയുടെ 90 ശതമാനവും കുറ്റിച്ചെടികൾ നിറഞ്ഞ ചെറിയ കുന്നിൻമേടുകളാണ്. ഈ മലനിരകളാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യക്ക് ആവശ്യമായ ഭൂഗർഭജലം സംഭരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ ചൂണ്ടിക്കാട്ടുന്നു. താർ മരുഭൂമിയിലെ പൊടിക്കാറ്റിൽ നിന്നും രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടുന്ന മേഖലയെ രക്ഷിക്കുന്നതും ആരവല്ലി മലനിരകളാണ്. ആരവല്ലി ഇല്ലാതായാൽ ഡൽഹിയിലെ വായു മലിനീകരണം ഇനിയും പലമടങ്ങായി കൂടുമെന്നതും ആശങ്കയുണർത്തുന്ന കാര്യമാണ്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മലനിരകൾ വ്യാപിച്ചുകിടക്കുന്നത്. രാജസ്ഥാനിലാണ് പ്രതിഷേധങ്ങൾ ഏറ്റവും ശക്തമായിരുന്നത്. ജോധ്പുർ, ഉദയ്‌പൂർ മേഖലകളിൽ കഴിഞ്ഞ ദിവസം പതിനായിരങ്ങൾ തെരുവിലിറങ്ങി. കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ 5000ത്തിലേറെ ട്രാക്‌ടറുകളുമായി കർഷകർ തെരുവിലിറങ്ങി.