കൊല്ലപ്പെട്ട പ്രൊഫസർ, പ്രതി 
NATIONAL

ട്രെയിനിൽ കയറുന്നതിനെ ചൊല്ലി തർക്കം: മുംബൈയിൽ കോളേജ് പ്രൊഫസറെ പ്ലാറ്റ്ഫോമിൽ വച്ച് കുത്തിക്കൊന്നു; പ്രതി പിടിയിൽ

മുംബൈ എൻഎം കോളജിൽ അധ്യാപകനായ അലോക് സിങ്ങാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ലോക്കൽ ട്രെയിനിൽ കോളേജ് പ്രൊഫസറെ കുത്തിക്കൊന്നു. എൻഎം കോളജിൽ അധ്യാപകനായ അലോക് സിങ്ങാണ് കൊല്ലപ്പെട്ടത്. പ്രതി ഓംകാർ ഷിൻഡെയുമായുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്. സംഭവത്തിൽ സഹയാത്രികാനായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ട്രെയിനിലുണ്ടായ ചെറിയ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട അലോക് സിങ്ങും പ്രതി ഷിൻഡെയും ഒരേ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ മലാദിനടുത്തെത്തിയപ്പോൾ, തിരക്കേറിയ കമ്പാർട്ട്മെന്റ് ഗേറ്റുകളിലൂടെ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. മുംബൈയിൽ സാധാരണ ഗതിയിലുണ്ടാകുന്ന തർക്കമാണിത്.

എന്നാൽ വാക്കുതർക്കം ഉടൻ തന്നെ കയ്യാങ്കളിയിലേക്ക് വഴിമാറി. പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ച ഉടൻ പ്രതി മൂർച്ചയുള്ള കത്തി പുറത്തെടുത്ത് അലോക് സിങ്ങിൻ്റെ വയറ്റിൽ പലതവണ കുത്തി. കൊലപാതകത്തിന് ശേഷം ഓംകാർ ഷിൻഡെ ഓടിരക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ റെയിൽ വേ പൊലീസടക്കം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിൽ വെള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ഫുട് ഓവർ ബ്രിഡ്ജിലൂടെ ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യ തെളിവുകളും എഐയും ഉപയോഗിച്ച് പൊലീസ് ഷിൻഡെയെ പിടികൂടുകയായിരുന്നു.

SCROLL FOR NEXT