അറസ്റ്റിലായ പ്രതികള്‍ Source: NDTV
NATIONAL

ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ അധ്യാപകർ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

സംഭവിച്ചതിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ അധ്യാപകർ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. രണ്ട് അധ്യാപകരെയും ഇവരുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

നരേന്ദ്ര, സന്ദീപ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പഠിക്കുന്ന സ്വകാര്യ കോളേജിലെ ഫിസിക്സ് അധ്യാപകനാണ് നരേന്ദ്ര. സന്ദീപ് ബയോളജി അധ്യാപകനും. മറ്റൊരു പ്രതിയായ, ഇവരുടെ സുഹൃത്ത് അനൂപും ഇതേ കോളേജിലാണ് ജോലി ചെയ്യുന്നത്.

പൊലീസില്‍ കൊടുത്തിരിക്കുന്ന പരാതി പ്രകാരം, പഠനവുമായി ബന്ധപ്പെട്ട നോട്ടുകള്‍ നല്‍കാന്‍ എന്ന വ്യാജേനയാണ് നരേന്ദ്ര പെണ്‍കുട്ടിയെ ആദ്യം സമീപിക്കുന്നത്. തുടർന്ന് നിരന്തരമായ മെസേജുകളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തു. ഈ സൗഹൃദം മുതലാക്കി നരേന്ദ്ര പെണ്‍കുട്ടിയെ അനൂപിന്റെ ബെംഗളൂരുവിലെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ആയിരുന്നു. സംഭവിച്ചതിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.

ദിവസങ്ങള്‍ക്ക് ശേഷം സന്ദീപും സമാനമായ രീതിയില്‍ പെണ്‍കുട്ടിയെ സമീപിച്ചു. പെണ്‍കുട്ടി എതിർത്തപ്പോള്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. നരേന്ദ്രയുടെ കയ്യില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയും വീഡിയോകളും ഉണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

മുറിയിലേക്ക് വന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അനൂപ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. മാനസികാഘാതം നേരിട്ട വിദ്യാർഥിനി ബെംഗളൂരുവിൽ തന്നെ സന്ദർശിച്ച മാതാപിതാക്കളോട് വിവരങ്ങള്‍ പറഞ്ഞു. കുടുംബം കർണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയും തുടർന്ന് മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.

SCROLL FOR NEXT