വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കി എന്ന പരാതികളിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കി എന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഡ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. നിരന്തര ബലാത്സംഗം ചെയ്തെന്ന വാദവും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് ബലാത്സംഗമായി മാറുന്നതാണ് കേസിലെ വസ്തുതകൾ സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. പരാജയപ്പെട്ടതോ തകർന്നതോ ആയ ബന്ധങ്ങൾക്ക് കുറ്റകൃത്യത്തിൻ്റെ നിറം നൽകുന്ന മുൻ കേസുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ വിധി.
2025 ഫെബ്രുവരിയിൽ ബിലാസ്പൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിന്നുള്ള നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ കഴിഞ്ഞ വർഷം മാർച്ചിലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. കേസിലെ പരാതിക്കാരിയും പ്രതിയും അഭിഭാഷകരാണെന്നും പരാതിക്കാരി 33 വയസ്സുള്ള വിവാഹിതയും പ്രായപൂർത്തിയാകാത്ത ഒരാളുടെ അമ്മയുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസിലെ രേഖകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ, ഐപിസി സെക്ഷൻ 376(2)(n) ചുമത്തേണ്ട ഒരു വസ്തുതയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
അത്യാവശ്യ ഘട്ടത്തിലല്ലാതെ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നോട്ടീസ് നൽകണം.
അറസ്റ്റ് ആവശ്യമില്ലാത്തപ്പോൾ പ്രതിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകണം. അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് നിഗമനത്തിലെത്തിയാൽ , അതിനുള്ള കാരണങ്ങൾ രേഖാമൂലം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ തർക്കത്തിൻ്റേയും വിയോജിപ്പിൻ്റേയും പേരിൽ ബലാത്സംഗ കേസുകളാവുന്നതിൽ നിന്നും യഥാർഥ ബലാത്സംഗ കേസുകൾ മാറ്റി നിർത്തപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.