NATIONAL

സി.ജെ. റോയിയുടെ മരണം: അന്വേഷണ ചുമതല കർണാടക സിഐഡിക്ക്

കുറ്റമറ്റ അന്വേഷണത്തിന് സർക്കാർ നിർദേശം നല്‍കി.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഇൻകം ടാക്സ് റെയ്ഡിനിടെ കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയി സ്വയം വെടിയുതിർത്ത് മരിച്ചതിൽ അന്വേഷണം സിഐഡിക്ക് (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെൻ്റ്) കൈമാറി കര്‍ണാടക സര്‍ക്കാര്‍. റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും.

അതേസമയം, റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോൺഫിഡൻ്റ് ഗ്രൂപ്പ് ഡയറക്ടർ ടി. ജെ. ജോസഫ് പരാതി നൽകി. അഞ്ച് പേജുള്ള പരാതിയാണ് ജോസഫ് പൊലീസിന് നൽകിയത്. റോയി തനിക്കൊപ്പമാണ് ഓഫീസിൽ എത്തിയതെന്നും, ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നു എന്നും ടി. ജെ. ജോസഫ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകികൊണ്ടാണ് റോയി മുറിയിലെത്തിയത്. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു.

സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നതിനിടെയായിരുന്നു റോയി മരിച്ചത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയും അതേ കെട്ടിടത്തിൽ തന്നെയുള്ള സ്‌ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയ് കെെവശമുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് സ്വയം വെടിയുതിർക്കുകയും ആയിരുന്നു.

കേരളത്തിൽ നിന്നുള്ള ആദായനികുതി സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്. ഈ സംഘത്തിന് ബെംഗളൂരുവിൽ റെയ്ഡ് നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഫിഡന്‍റ് ഗ്രൂപ്പ് ബെംഗളൂരു കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു, എന്നാൽ സ്റ്റേ കഴിഞ്ഞയാഴ്ച കോടതി തടഞ്ഞിരുന്നു, പിന്നാലെ കോൺഫിഡന്‍റ് ഗ്രൂപ്പ് വീണ്ടും അപ്പീൽ നൽകി.

ഇത് പരിഗണിക്കാനിരിക്കെ വീണ്ടും പരിശോധന ആരംഭിക്കുകയായിരുന്നു. നിരന്തര പരിശോധനയിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു റോയിയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. ആദായ നികുതി വകുപ്പിൻ്റെ നിരന്തര വേട്ടയാടലില്‍ മനംനൊന്താണ് റോയി മരിച്ചതെന്ന് കുടുബം പറയുന്നു.

SCROLL FOR NEXT