ബെംഗളൂരു: കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആദായ നികുതി ഉദ്യോഗസ്ഥർ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് സഹോദരൻ സി.ജെ. ബാബു. റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
'റോയിക്ക് കടമോ ബാധ്യതയോ ഭീഷണിയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. ഇന്നലെ വിളിച്ചപ്പോൾ കാണണമെന്ന് പറഞ്ഞിരുന്നു. ഇന്ന് രാവിലെ കാണാമെന്ന് മറുപടി നൽകുകയും ചെയ്തിരുന്നു': സി. ജെ. ബാബു പറഞ്ഞു.
കേരളത്തിലെ ആദായ നികുതി ഉദ്യോഗസ്ഥർ 28ാം തീയതി മുതൽ ബെംഗളൂരുവിലെ ഓഫീസിലുണ്ട്. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബാബു ആരോപിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റോയി കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ബാബു ചൂണ്ടിക്കാട്ടി.
ഇന്നലെ സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെയായിരുന്നു റോയി ജീവനൊടുക്കിയത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ അതേ കെട്ടിടത്തിൽ തന്നെയുള്ള സ്‌ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയി കെെവശമുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു സി. ജെ. റോയിയെ ജീവനക്കാർ ഉടന്‍ തന്നെ, എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ തന്നെ മരണം സംഭവിച്ചിരുന്നു. നെഞ്ചില്‍ വെടിയുതിർത്തായിരുന്നു മരണമെന്നാണ് റിപ്പോർട്ട്.