സി.ജെ. റോയ് Source: FB
NATIONAL

ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയ 'കോൺഫിഡൻ്റ്' വിജയം; ജനകീയ റിയാലിറ്റി ഷോകളുടെ ടൈറ്റിൽ സ്പോൺസറായിരുന്ന സി.ജെ. റോയ്

റിലീസ് ചെയ്യാനിരിക്കുന്ന അനോമിയടക്കം വിവിധ മലയാള സിനിമകളുടെയും കന്നഡ ചിത്രങ്ങളുടെയും നിർമാണത്തിലും റോയ് പങ്കാളിയായി...

Author : ന്യൂസ് ഡെസ്ക്

സി.ജെ. റോയ് ജീവനൊടുക്കിയെന്ന അവിശ്വസനീയ വാർത്തയുടെ ഞെട്ടലിലാണ് ദക്ഷിണേന്ത്യൻ വ്യവസായ ലോകവും മലയാളികളുമെല്ലാം. മലയാളിയായ സി.ജെ. റോയ് 2006ലാണ് ബെംഗളൂരു ആസ്ഥാനമായി കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായി കോൺഫിഡന്റ് ഗ്രൂപ്പ് മാറി. വിശ്വസനീയമായ റിയൽ എസ്റ്റേറ്റ് ബ്രാൻഡായി കോൺഫിഡന്റ് ഗ്രൂപ്പിനെ മാറ്റിയെടുത്തത് സി.ജെ. റോയി എന്ന ഒറ്റയാളുടെ പരിശ്രമമായിരുന്നു. ബെംഗളൂരുവിലും കേരളത്തിലെ പ്രധാന നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാമായി നൂറുകണക്കിന് വില്ല, അപ്പാർട്ട്മെന്റ് പ്രൊജക്ടുകൾ റോയിയുടെ നേതൃത്വത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയിരുന്നു. ഹോസ്പിറ്റാലിറ്റി, എഡ്യുക്കേഷൻ, ഏവിയേഷൻ തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചും വിജയം കൈവരിച്ചു.

വ്യവസായി എന്നതിനപ്പുറവും മറ്റ് മേഖലകളിലും റോയ് തന്റെ സാന്നിധ്യമറിയിച്ചിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന അനോമിയടക്കം വിവിധ മലയാള സിനിമകളുടെയും കന്നഡ ചിത്രങ്ങളുടെയും നിർമാണത്തിലും റോയ് പങ്കാളിയായി. ജനകീയ റിയാലിറ്റി ഷോകളുടെ ടൈറ്റിൽ സ്പോൺസറെന്ന നിലയിൽ കൂടി മലയാളികൾക്ക് സുപരിചതനായിരുന്നു സി.ജെ. റോയ്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരിൽ ഒരാളായി കായികമേഖലയിലും റോയ് സാന്നിധ്യമറിയിച്ചു. കോൺഫിഡന്റ് ഫൌണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും റോയി സജീവമായിരുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടിയ സി.ജെ. റോയ്, പിന്നീട് ബിസിനസ് മാനേജ്‌മെന്റിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിരുന്നു.

ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ കേരളത്തിൽ നിന്നുള്ള ആദായ നികുതി വകുപ്പ് സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് റോയ് സ്വന്തം തോക്കിൽ നിന്ന് വെടിയുതിർത്ത് ജീവനൊടുക്കിയത്. ഉടൻ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന ആദായ നികുതി റെയ്ഡിൽ റോയ് വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ ജീവനക്കാരടക്കം പറയുന്നത്. റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിന്നുള്ള ആദായനികുതി സംഘത്തിന് ബെംഗളൂരുവിൽ റെയ്ഡ് നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഫിഡൻ്റ് ഗ്രൂപ്പ് ബെംഗളൂരു കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് ആദായ നികുതി സംഘം പരിശോധനക്ക് എത്തിയതെന്നാണ് വിവരം.

SCROLL FOR NEXT