ഡൽഹി: ഇത്തവണത്തെ പത്മാ അവാർഡുകൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് പ്രശാന്ത് ചക്രവർത്തിയുടെ എക്സ് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം,ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം അവാർഡുകളും നൽകിയതെന്നാണ് കോൺഗ്രസ് ആരോപണം.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന നൽകി മോദി സർക്കാർ അവാർഡുകളെ രാഷ്ട്രീയവൽക്കരിച്ചുവെന്നാണ് പ്രശാന്ത് ചക്രവർത്തി എക്സ് പോസ്റ്റിലൂടെ ആരോപിച്ചത്. ഈ വർഷത്തെ പത്മാ അവാർഡ് ജേതാക്കളിൽ 37% പേരും അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് കാണിക്കുന്ന ഒരു ചാർട്ടും പ്രശാന്ത് പങ്കുവച്ചു.
"മോദി സർക്കാർ പത്മാ അവാർഡുകൾ പോലും ഒരു തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റി. ഈ വർഷത്തെ പത്മാ അവാർഡ് ജേതാക്കളിൽ 37% പേരും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 18% മാത്രമാണ് ഈ പ്രദേശങ്ങളിൽ വസിക്കുന്നത്. ഈ രീതി പല തവണ ആവർത്തിച്ചിട്ടുണ്ട്. എന്തായാലും, റിപ്പബ്ലിക് ദിനാശംസകൾ!” പ്രശാന്ത് ചക്രവർത്തി എക്സിൽ കുറിച്ചു.
അതേസമയം ഇത്തവണത്തെ പത്മാ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടമാണ് ലഭിച്ചിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളത്തിന് മൊത്തം എട്ട് പത്മാ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
റിട്ട. ജസ്റ്റിസ് കെ.ടി. തോമസിനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം. നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപർ പി. നാരായണനും പത്മ വിഭൂഷൺ പ്രഖ്യാപിച്ചു.
സാഹിത്യ വിഭാഗത്തിലാണ് പി. നാരായണന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ നാരായണൻ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി (1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്‍റെ കേരളത്തിലെ താത്വികാചാര്യൻ എന്ന നിലയിലും നാരായണൻ അറിയപ്പെടാറുണ്ട്. ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറനും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു.
ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായിക അൽക യാഗ്നിക്ക് പദ്മഭൂഷൺ നൽകും. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. അഞ്ച് പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് ഈ പ്രമുഖ വ്യക്തിത്വങ്ങളെ രാജ്യം ആദരിക്കുന്നത്.