പാറ്റ്ന: ബിഹാറിലെ വൻ തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്ത് കോൺഗ്രസ് . ഡെൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന നിലപാട് ആവർത്തിക്കുകയാണ് നേതാക്കൾ. അതിനിടെ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രംഗത്തെത്തി . നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഈ മാസം 19ന് അധികാരമേൽക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ചർച്ച ചെയ്യാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തര യോഗം ചേർന്നത് . എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെ യോഗത്തിൽ രാഹുൽഗാന്ധി, കെ സി വേണുഗോപാൽ അജയ് മാക്കൻ , ബിഹാറിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരു എന്നിവർ പങ്കെടുത്തു . കനത്ത തോൽവിക്ക് പിന്നാലെ ബിഹാർ പിസിസി അധ്യക്ഷനെ നീക്കുമെന്നാണ് സൂചന.
സംഘടനാ ദൗർബല്യം പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ആവർത്തിക്കുകയാണ് നേതാക്കൾ . തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായിരുന്നില്ലെന്നും തെളിവുകൾ ഉടൻ പരസ്യപ്പെടുത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടക്കം മുതൽ നീതിയുക്തമായിരുന്നില്ല എന്നും ഫലം അമ്പരിപ്പിക്കുന്നതാണെന്നും രാഹുൽ കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചിരുന്നു. വൻ തോൽവിയുടെ പശ്ചാത്തലത്തിൽ ബിഹാർ പി സി സി അധ്യക്ഷനെ മാറ്റിയേക്കുമെന്നാണ് വിവരം. തെര. കമ്മീഷനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി. നിഷ്പക്ഷമായൊരു തെര. കമ്മീഷനെ രാജ്യം അർഹിക്കുന്നുവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
അതിനിടെ ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് എൻഡിഎ . ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം എൻഡിഎ ഉടൻ ഉന്നയിക്കും. ഘടകകക്ഷി മന്ത്രിമാരടക്കം ആദ്യഘട്ടത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും. സത്യപ്രതിജ്ഞ നവംബർ 19 ന് നടക്കാനാണ് സാധ്യത. പ്രധാനമന്ത്രിയുടെ സമയം കൂടി പരിഗണിച്ച് തീയതിയിൽ അന്തിമ തീരുമാനമെടുക്കും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ഉപമുഖ്യമന്ത്രി പദം അടക്കം പ്രധാന സ്ഥാനങ്ങൾ ബിജെപി ആവശ്യപ്പെടും. നിലവിൽ ഉപമുഖ്യമന്ത്രി പദമടക്കം 21 പേരാണ് മന്ത്രിസഭയിലെ ബിജെപി പ്രാതിനിധ്യം.
മത്സരിച്ച ആറിൽ അഞ്ച് സീറ്റും ജയിച്ച ജിതിൻ റാം മഞ്ചിയുടെ എച്ച്എഎമ്മിനും നാലുസീറ്റിൽ ജയിച്ച ഉപേന്ദ്ര കുശ് വാഹയുടെ ആർഎൽഎമ്മിനും മന്ത്രിപദം നൽകേണ്ടിവരും. വിജയാഘോഷത്തിനിടെ എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ നിതീഷുമായി പട്നയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ നിതീഷ് കുമാറിനെ അഭിനന്ദിച്ചെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.