ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും പാഠം, ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യം അര്‍ഹിക്കുന്നു: എം.കെ. സ്റ്റാലിന്‍

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ കഴിയില്ല.
MK Stalin Hospitalized
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻSource: X/ MK Stalin
Published on
Updated on

ചെന്നൈ: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജെഡിയുവിനെയും നിതീഷ് കുമാറിനെയും അഭിനന്ദിച്ച എം.കെ. സ്റ്റാലിന്‍, രാജ്യത്തിന് കുറച്ചുകൂടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമാണെന്നും ബിഹാര്‍ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ഒരു പാഠമാണെന്നും പറഞ്ഞു. എക്‌സിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഖ്യാതി ഏറ്റവും മോശം നിലയിലാണ് ഇപ്പോഴുള്ളതെന്നും എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

MK Stalin Hospitalized
പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഖ്യാതി ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഈ രാജ്യം കുറച്ചുകൂടി മികച്ചതും ശക്തമായതുമായും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ അര്‍ഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്തുന്ന കമ്മീഷന്‍ വിജയിക്കാത്തവരില്‍ പോലും വിശ്വാസം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം,' എം.കെ. സ്റ്റാലിന്‍ കുറിച്ചു.

ആര്‍ജെഡിയെയും തേജസ്വി യാദവിനെയും അഭിനന്ദിച്ച എം.കെ. സ്റ്റാലിന്‍ ഇന്ത്യ സഖ്യം കുറച്ചുകൂടി മികച്ച രീതിയില്‍ തെരഞ്ഞെടുപ്പുകളെ ആസൂത്രണം ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

MK Stalin Hospitalized
നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത് പരിശോധിക്കുന്നതിനിടെ; അട്ടിമറി സാധ്യതകള്‍ തള്ളി ഡിജിപി

ബിഹാറില്‍ വന്‍ വിജയമാണ് എന്‍ഡിഎ സഖ്യ സര്‍ക്കാര്‍ നേടിയത്. 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎയുടെ വിജയം. മഹാസഖ്യത്തിന് 35 സീറ്റുകളേ നേടാനായുള്ളു. ബിജെപി 89 സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു 85 സീറ്റുകള്‍ നേടി. ആര്‍ജെഡി 2020 തെരഞ്ഞെടുപ്പിലെ 75 സീറ്റുകള്‍ എന്ന നമ്പറില്‍ നിന്ന് 25 സീറ്റുകളിലേക്ക് കൂപ്പുകുത്തി.

കോണ്‍ഗ്രസ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി. നേരത്തെ 19 സീറ്റുകളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ജെഡിയുവിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 42 സീറ്റുകളുടെ വര്‍ധനയാണ് ഉണ്ടായത്. ബിജെപിക്ക് 15 സീറ്റുകളുടെ വര്‍ധനവും ഉണ്ടായി.

ബിഹാറിലെ മഹാ സഖ്യത്തിന്റെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. തുടക്കം മുതല്‍ തന്നെ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രശ്‌നമുണ്ടെന്നും നല്ല നിലയിലല്ല നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'മഹാഗഡ്ബന്ധനില്‍ വിശ്വാസം അര്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം യഥാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. തുടക്കം മുതല്‍ തന്നെ ശരിയായി നടക്കാത്ത ഒരു തെരഞ്ഞെടുപ്പില്‍ നമുക്ക് വിജയം നേടാനാവില്ല,' രാഹുല്‍ഗാന്ധി പറഞ്ഞു.

ഈ പോരാട്ടം ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ്. കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും ഈ ഫലം പരിശോധിക്കുമെന്നും ജനാധിപത്യത്തെ കുറച്ചുകൂടി ഫലവത്തായി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com