സിജെപി പ്രക്ഷോഭം ഉയര്‍ത്തിയ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവിയായ കുട്ടികളെ കേൾക്കുന്നതിൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച പ്രിയങ്ക ഗാന്ധി, ജനാധിപത്യരാജ്യത്ത് ഇനിയും പ്രതിഷേധിക്കുമെന്ന് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍.
പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ നടത്തിയ മിന്നല്‍ സമരത്തിനു പിന്നാലെ രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു മണിക്കൂറിനുശേഷമാണ് എംപിമാര്‍ ഉള്‍പ്പെടെ നേതാക്കളെ പൊലീസ് വിട്ടയച്ചത്. പുറത്തിറങ്ങയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. തന്റെ സഹോദരനെ ഭയപ്പെടുത്താനാവില്ലെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തിന്റെ ഭാവിയായ കുട്ടികളെ കേൾക്കുന്നതിൽ എന്താണ് പ്രശ്‌നം. അവരുടേത് കളങ്കമില്ലാത്ത ആവശ്യമാണ്. അവരുടെ പ്രതിനിധികൾ എന്ന നിലയില്‍ അവരുടെ ശബ്ദത്തെ ശക്തിപ്പെടുത്തേണ്ടതും അത് ഉന്നയിക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ജനാധിപത്യരാജ്യത്ത് പ്രതിഷേധിക്കുക എന്നത് മൗലികാവകാശമാണ്. ആവശ്യമുള്ളിടത്ത് ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും. സമരത്തിലൂടെ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്ര സർക്കാരും പൊലീസും ചേർന്ന് വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്നാണ് രാഹുലിന്റെയും പ്രതികരണം. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രത്തിനു മുന്നില്‍വച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ചോദ്യപേപ്പർ ചോർച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ പാർലമെന്റിൽ വിശദമായി ചർച്ച നടത്തുക, സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നിവയിലാണ് അടിയന്തര നടപടി ഉണ്ടാകേണ്ടത്. പാര്‍ലമെന്റിനകത്തും പുറത്തും സമരം ശക്തമാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ നേരിട്ടത് അസാധാരണ പൊലീസ് നടപടിയായിരുന്നു. നിലത്തു കിടന്ന രാഹുലിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് വാനിലേക്ക് കയറ്റിയത്. പൊലീസ് ബലപ്രയോഗത്തില്‍ രാഹുലിന്റെ മൂക്കിന് പരിക്കേറ്റിരുന്നു. പ്രിയങ്കയെ കഴുത്തിന് കുത്തിപ്പിടിച്ചാണ് വാനിലേക്ക് കയറ്റിയത്. കയറുംമുന്‍പേ വാന്‍ മുന്നോട്ടെടുക്കുകയും ചെയ്തു. മന്ത്രി പി.സി. വിഷ്ണുനാഥിനെതിരെയും പൊലീസ് ബലം പ്രയോഗിച്ചു. കെ.സി. വേണുഗോപാല്‍, ഡീന്‍ കുര്യാക്കോസ്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കും പൊലീസിന്റെ കയ്യാങ്കളി ഏല്‍ക്കേണ്ടിവന്നു. മൂന്ന് മണിക്കൂറിനുശേഷമാണ് നേതാക്കളെ വിട്ടയച്ചത്. അതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള പ്രിയങ്കയെ കാണാന്‍ സോണിയ ഗാന്ധി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.
സിജെപി പ്രക്ഷോഭത്തെ തല്ലിച്ചതച്ച കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ സമരനീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. സിജെപി പ്രക്ഷോഭത്തിന് പിന്തുണ അറിയിക്കുകയും, പൊലീസ് അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസും തെരുവിലിറങ്ങിയത്. മുതിര്‍ന്ന നേതാക്കളൊഴികെ ആര്‍ക്കും വലിയൊരു സമരത്തെക്കുറിച്ച് സൂചന പോലും ലഭിച്ചിരുന്നില്ല. എല്ലാവരോടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലേക്ക് വരാന്‍ അറിയിച്ച രാഹുല്‍, പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് മാര്‍ച്ച് നയിക്കുകയായിരുന്നു. രാഹുലിന്റെ മിന്നല്‍ സമരത്തില്‍ കേന്ദ്രവും ഞെട്ടി. അനുനയത്തിനായി കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ നിയോഗിച്ചെങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. തുടര്‍ന്നാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയത്.