എംപിമാര്‍ പോലും അറിഞ്ഞില്ല രാഹുലിന്റെ 'മിന്നല്‍ സ്ട്രൈക്ക്'; പ്രതിരോധം തകര്‍ന്ന് കേന്ദ്രം, അനുനയ നീക്കം പാളിയപ്പോള്‍ അറസ്റ്റ്

രാഹുല്‍, പ്രിയങ്ക, അഖിലേഷ് യാദവ്, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെ നേതാക്കള്‍ പൊലീസ് കസ്റ്റഡിയിൽ
എംപിമാര്‍ പോലും അറിഞ്ഞില്ല രാഹുലിന്റെ 'മിന്നല്‍ സ്ട്രൈക്ക്'; പ്രതിരോധം തകര്‍ന്ന് കേന്ദ്രം, അനുനയ നീക്കം പാളിയപ്പോള്‍ അറസ്റ്റ്
Published on
Updated on

സിജെപി പ്രക്ഷോഭത്തെ തല്ലിച്ചതച്ച കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ സമരനീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. സിജെപി പ്രക്ഷോഭത്തിന് പിന്തുണ അറിയിക്കുകയും, പൊലീസ് അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് തെരുവിലിറങ്ങിയത്. മുതിര്‍ന്ന നേതാക്കളൊഴികെ ആര്‍ക്കും വലിയൊരു സമരത്തെക്കുറിച്ച് സൂചന പോലും ലഭിച്ചിരുന്നില്ല. എല്ലാവരോടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലേക്ക് വരാന്‍ അറിയിച്ച രാഹുല്‍, പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് മാര്‍ച്ച് നയിക്കുകയായിരുന്നു. രാഹുലിന്റെ മിന്നല്‍ സമരത്തില്‍ കേന്ദ്രവും ഞെട്ടി. അനുനയത്തിനായി കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ നിയോഗിച്ചെങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

രാവിലെ ജന്തര്‍മന്തറിലെത്തിയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സിജെപി സമരത്തിന് പിന്തുണയറിച്ചത്. സമരവേദിയില്‍ സിജെപി പ്രവര്‍കര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം ഉറപ്പിച്ചു. പിന്നാലെ, ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് തല്ലിച്ചതച്ച സിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് പിന്തുണ അവിടംകൊണ്ട് തീരുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ അടുത്തനീക്കം. മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ വസതിയിലേക്ക് ക്ഷണിച്ചു. ഖാര്‍ഗെയുടെ പിറന്നാളുമായി ബന്ധപ്പെട്ട ആഘോഷമായിരിക്കുമെന്നാണ് എംപിമാര്‍ ഉള്‍പ്പെടെ കരുതിയത്. മുതിര്‍ന്ന നേതാക്കളൊഴികെ ആര്‍ക്കും സമരത്തെക്കുറിച്ച് സൂചന പോലും ലഭിച്ചിരുന്നില്ല. എല്ലാവരും എത്തിയതിനു പിന്നാലെ, രാഹുലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് നടന്നെത്തി, പിന്നാലെ അവിടെ കുത്തിയിരുന്നു.

എംപിമാര്‍ പോലും അറിഞ്ഞില്ല രാഹുലിന്റെ 'മിന്നല്‍ സ്ട്രൈക്ക്'; പ്രതിരോധം തകര്‍ന്ന് കേന്ദ്രം, അനുനയ നീക്കം പാളിയപ്പോള്‍ അറസ്റ്റ്
'നരേന്ദ്ര മോദിയും അമിത് ഷായും രാജിവയ്ക്കണം'; പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍

വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. സിജെപി വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ടത്. നേതാക്കൾ ഉൾപ്പെ​ടെയുള്ളവർ കൈകൾ കൂട്ടിക്കെട്ടി, സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രക്ഷോഭം നയിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ലെന്നും, പാർലമെന്റിൽ ഇതുസംബന്ധിച്ച് ചർച്ച നടത്താനും താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

'വിദ്യാര്‍ഥികള്‍ക്കെതിരായ ക്രൂരതകള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് മറുപടി വേണം. ഇന്ത്യന്‍ യുവാക്കളുടെ ഭാവി നശിപ്പിച്ചതിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവയ്ക്കണം' എന്ന് രാഹുല്‍ എക്സില്‍ കുറിച്ചു. അതു തന്നെയായിരുന്നു പ്രതിഷേധ മാര്‍ച്ചിലും അലയടിച്ചത്. രാഹുല്‍ ഗാന്ധി, ഖാർഗെ, പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധത്തിലേക്ക് മുഖ്യമന്ത്രിമാരായ വി.ഡി. സതീശന്‍, ഡി.കെ. ശിവകുമാര്‍, എംപിമാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ നേതാക്കളും അണികളും വന്നുചേര്‍ന്നതോടെ രാജ്യതലസ്ഥാനം സമരത്തീയില്‍ ഉരുകി.

എംപിമാര്‍ പോലും അറിഞ്ഞില്ല രാഹുലിന്റെ 'മിന്നല്‍ സ്ട്രൈക്ക്'; പ്രതിരോധം തകര്‍ന്ന് കേന്ദ്രം, അനുനയ നീക്കം പാളിയപ്പോള്‍ അറസ്റ്റ്
"ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയെന്നത് ദേശീയ ഉത്തരവാദിത്തം"; സിജെപി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി

കോണ്‍ഗ്രസിന്റെ മിന്നല്‍ സമരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളിയതോടെ പൊലീസിനൊപ്പം, കേന്ദ്ര സേനയും രംഗത്തിറങ്ങി. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, മന്ത്രി പി.സി.വിഷ്ണുനാഥ് ഉള്‍പ്പെടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമരമുഖം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയും, പിന്മാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരിക്കുകയും ചെയ്തതോടെ കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലായി. കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തിരിപ്പിക്കാന്‍ അവര്‍ അനുനയം സ്വീകരിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ അനുനയ നീക്കവുമായി നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി, വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക, സിജെപി സമരത്തെ അടിച്ചമര്‍ത്തിയ പൊലീസിനെതിരെ നടപടി എന്നിങ്ങനെയാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍. അതൊന്നും അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് സമരം മൂന്ന് മണിക്കൂര്‍ പിന്നിടുകയും, കാര്യങ്ങള്‍ കൈവിടുകയും ചെയ്തതോടെ, രാഹുല്‍, പ്രിയങ്ക, അഖിലേഷ് യാദവ്, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് ബലംപ്രയോഗത്തില്‍ രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കളെ ഉള്‍പ്പെടെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സമരത്തില്‍നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തയ്യാറായിട്ടില്ല. ഇതോടെ, വരും ദിവസങ്ങളില്‍ രാജ്യതലസ്ഥാനം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

News Malayalam 24x7
newsmalayalam.com