സൽമാൻ ഖുർഷിദ് 
NATIONAL

'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിയായി''; കോണ്‍ഗ്രസിനെ വെട്ടിലാക്കി സല്‍മാന്‍ ഖുര്‍ഷിദ്

കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 65 ശതമാനം പേര്‍ തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിച്ചെന്നും കശ്മീരില്‍ ഇന്ന് തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഉണ്ടെന്നും സൽമാൻ ഖുർൽഷിദ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ജമ്മു കശ്മീരില്‍ സമൃദ്ധിയുണ്ടായെന്നും വിഘടനവാദം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതായെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിനായി ജെഡിയു നേതാവ് സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള സംഘം ഇന്തോനേഷ്യയില്‍ എത്തിയപ്പോഴായിരുന്നു സൽമാൻ ഖുർഷിദിന്‍റെ പ്രസ്താവന. 2019ലാണ് കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരിക്കുന്ന ആർട്ടിക്കിൾ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.

കശ്മീരില്‍ കുറേ കാലമായി ഒരു പ്രശ്‌നം നിലനിന്നിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ആ സംസ്ഥാനത്തെ രാജ്യത്ത് നിന്നും മാറ്റി നിര്‍ത്തുന്ന ഒന്നായിരുന്നു. പക്ഷെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ആ പ്രശ്‌നത്തിന് ഒരു അവസാനമായെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഇതിന് പിന്നാലെ കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 65 ശതമാനം പേര്‍ തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിച്ചെന്നും കശ്മീരില്‍ ഇന്ന് തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബിജെപി സര്‍ക്കാരിന്റെ നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനാധിപത്യ മാനദണ്ഡങ്ങളെയും ഫെഡറലിസത്തിന്റെ സ്പിരിറ്റിനെയുമൊക്കെ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 നെ റദ്ദാക്കിയതിനെ ന്യായീകരിച്ച് സല്‍മാന്‍ ഖുര്‍ഷിദ് തന്നെ രംഗത്തെത്തിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

SCROLL FOR NEXT