പാകിസ്ഥാനായി ചാരപ്രവർത്തി ചെയ്തെന്ന ആരോപണത്തിൽ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്. രാജസ്ഥാൻ ദീഗ് ജില്ലയിലെ ഗാൻഗോറ നിവാസിയായ കാസിമിനെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ഇൻ്റലിജൻസ് ഓപ്പറേറ്റീവ്സിന് (പിഐഒഎസ്) സിം കാർഡുകൾ നൽകി സഹായിച്ചെന്നാണ് ഇയാൾക്കെതിരായ ആരോപണം. ഇയാൾ ചാരപ്രവർത്തിയുമായി ബന്ധപ്പെട്ട് രണ്ട് തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
2024 ഓഗസ്റ്റിലും 2025 മാർച്ചിലുമാണ് കാസിം പാകിസ്ഥാനിലേക്ക് യാത്ര ചെയ്തത്. ഏകദേശം 90 ദിവസം ഇയാൾ അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെത്തിയ ശേഷം കാസിം പാകിസ്ഥാൻ ഇൻ്റർ സർവീസ് ഇൻ്റലിജൻസ്( ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
"2024 സെപ്തംബറിലാണ് പിഐഒഎസ് ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് ഇൻ്റലിജൻസ് മേധാവികൾക്ക് ലഭിക്കുന്നത്. സിം കാർഡുകൾ വെച്ച് ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയും കുറിച്ചുള്ള വളരെ സെൻസിറ്റീവ് വിവരങ്ങൾ ലഭിക്കുക എന്നതായിരുന്നു പിഐഒഎസിൻ്റെ ഉദ്ദേശ്യം. ഈ സിം കാർഡുകൾ ഇന്ത്യയിൽ നിന്നും, ഇന്ത്യക്കാരുടെ തന്നെ സഹായത്തോടെ അതിർത്തി കടത്തിയതാണെന്ന സൂചനയും ലഭിച്ചിരുന്നു," മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സിം കാർഡുകളിലൂടെ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിച്ച് ഇന്ത്യയെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ പിഐഒഎസ് ചോർത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
രഹസ്യവിവരങ്ങളെ തുടർന്ന് നടത്തിയ അന്വേഷണമാണ് പൊലീസിനെ കാസിമിലേക്ക് എത്തിച്ചത്. കൂടുതൽ അന്വേഷണത്തിൽ ഇയാൾ ഇടയ്ക്കിടെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും, ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. കാസിമിനെതിരെ ഉചിതമായ നിയമവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ചാരവൃത്തി ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ് പൊലീസ്. ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ കൂട്ടാളികളെ തിരിച്ചറിയാനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.