കൊളംബിയ: ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഹുൽ ഗാന്ധി എംപി. കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വൈവിധ്യപൂർണമായ ഒരു രാജ്യത്ത് ജനാധിപത്യ സംവിധാനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സംസാരിച്ച അദ്ദേഹം, രാജ്യം ചില ഘടനാപരമായ പിഴവുകൾ നേരിടുന്നുവെന്നും പറഞ്ഞു.
"എഞ്ചിനീയറിങ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് ശക്തമായ കഴിവുകളുണ്ട്. അതിനാൽ എനിക്ക് വളരെ ശുഭാപ്തി വിശ്വാസമുണ്ട്. അതേസമയം, ഇന്ത്യ തിരുത്തേണ്ട ഘടനയിലും പോരായ്മകളുണ്ട്. മതവിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ആശയങ്ങൾ എന്നിവ വൈവിധ്യത്തിൽ വളരുന്നതിന് ഒരു ജനാധിപത്യ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യ സംവിധാനം ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരു "വലിയ അപകടസാധ്യതയിലേക്കോ ഭീഷണിയിലേക്കോ ആണ് നയിക്കുന്നതെന്നും രാഹുൽ ഗാന്ധി ഓർമപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിനെതിരെ മൊത്തത്തിലുള്ള ആക്രമണം നടക്കുന്നുണ്ട്. അവയിൽ ചിലതാണ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ വ്യത്യസ്ത ആശയങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്‌എസിനെയും ബിജെപിയേയും രാഹുൽ ഗാന്ധി വിമർശിച്ചു. ഇവരുടെ പ്രത്യയശാസ്ത്രത്തിൻ്റെ കാതൽ ഭീരുത്വമാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. "ഒരിക്കൽ താനും തൻ്റെ കുറച്ച് സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലിം പുരുഷനെ മർദിച്ചതായും ആ ദിവസം അവർക്ക് വളരെ സന്തോഷം തോന്നിയതായും സവർക്കർ തൻ്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അഞ്ച് പേർ ചേർന്ന് ഒരാളെ മർദിച്ചാൽ, അവരിൽ ഒരാൾക്ക് സന്തോഷം തോന്നും, അത് ഭീരുത്വമാണ്. ദുർബലരായ ആളുകളെ മർദിക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.