NATIONAL

രാജസ്ഥാനിലെ ജയം ബിജെപിക്കെതിരെ ആയുധമാക്കി കോൺഗ്രസ്

രാജസ്ഥാനിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ഗ്രാമീണ മേഖലകളിൽ പാർട്ടിക്ക് ലഭിച്ച ജനപിന്തുണ ദേശീയതലത്തിൽ കോൺഗ്രസിന് പുതിയ ആത്മവിശ്വാസം നൽകുന്നതാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ജനവിധി രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദത്തിന്റെ പ്രതിഫലനമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.ബിജെപിയുടെ 'ഇരട്ട എൻജിൻ' സർക്കാരിന്റെ ഭരണത്തിനെതിരായ ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി.

രാജസ്ഥാനിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 37 ജില്ലാ പരിഷത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 23 ജില്ലാ പരിഷത്തുകളിൽ വ്യക്തമായ ഭൂരിപക്ഷവും നാലിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയും കോൺഗ്രസ് സ്വന്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിലും ബിജെപിയെക്കാൾ മുന്നിലാണ് കോൺഗ്രസ്.

ഗ്രാമീണ ജനതയുടെ ശബ്ദമാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തിയതും പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുത്തതും കർഷകരെ കടക്കെണിയിലേക്ക് തള്ളിയതുമെല്ലാം ജനവിധിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബിജെപിയുടെ ഇരട്ട എൻജിൻ ദുർഭരണത്തിന് ജനങ്ങൾ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചതിന്റെ തെളിവാണ് രാജസ്ഥാനിലെ വിജയമെന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. രാജസ്ഥാൻ മുതൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ വരെ ജനങ്ങൾ കോൺഗ്രസിൽ പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT