Source: News Malayalam 24x7
NATIONAL

സിപിഐ പാർട്ടി കോൺഗ്രസിന് നാളെ തുടക്കം; 800ല്‍ അധികം പ്രതിനിധികൾ പങ്കെടുക്കും

ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾക്കിടയിലാണ് അഞ്ച് ദിവത്തെ യോഗം

Author : ന്യൂസ് ഡെസ്ക്

പഞ്ചാബ്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കമാകും. ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾക്കിടയിലാണ് അഞ്ച് ദിവത്തെ യോഗം. മൊഹാലി ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് മൈതാനത്ത് നടക്കുന്ന പ്രകടനത്തോടെയാകും പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിക്കുക.

സുരവരം സുധാകര്‍ റെഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതു സമ്മേളനത്തിൽ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍എസ്പി എന്നീ ഇടതുപക്ഷ പാര്‍ട്ടികളുടെ ദേശീയ നേതാക്കൾ പങ്കെടുക്കും.

പലസ്തീന്‍, ക്യൂബ എന്നീ രാജ്യങ്ങളിലെ അംബാസിഡർമർ കോൺഫറൻസിൽ പങ്കെടുക്കും. തുടർന്ന് പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടുള്‍പ്പെടെ പാര്‍ട്ടി രേഖകളിലുള്ള ചര്‍ച്ചകൾ ഇതോടെ ആരംഭിക്കും. കേരളത്തിൽ നിന്നുള്ള 120ഓളം പ്രതിനിധികൾ അടക്കം 800ല്‍ അധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. കോൺഗ്രസിൽ 20 ശതമാനം സീനിയർ നേതാക്കൾ പാർട്ടി പദവികളിൽനിന്ന് പുറത്തുപോകുമെന്ന് സന്തോഷ് കുമാർ എംപി അറിയിച്ചു.

ചൊവ്വാഴ്ചയും ബുധനാഴ്ചയും റിപ്പോര്‍ട്ടുകളിലും പ്രമേയങ്ങളിലുമുള്ള ചര്‍ച്ചകളാണ് പ്രധാനമായി നടക്കുക. 24ന് പാര്‍ട്ടിയുടെ രാഷ്ട്രീയ, സംഘടനാ കാര്യം ഉള്‍പ്പെടെയുള്ള നാലു കമ്മീഷനുകളിലേക്ക് തെരഞ്ഞെടുപ്പുകള്‍ നടക്കും. സമാപന ദിവസമായ വ്യാഴാഴ്ചയാണ് ദേശീയ കൗണ്‍സിൽ ദേശീയ സെക്രട്ടറിയേറ്റ് തുടങ്ങിയ സമിതികളിലേക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കുക.

SCROLL FOR NEXT