NATIONAL

"മത്സരിക്കാൻ സീറ്റ് കിട്ടാത്തവർ പാർട്ടി വിടുന്നു, പണത്തിന് വേണ്ടി പാർട്ടി പ്രവർത്തനം നടത്തുന്നു"; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ടിൽ രൂക്ഷവിമര്‍ശനം

32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടിലാണ് വിമർശനം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പാർട്ടിയിൽ ചില നേതാക്കൾ പദവി മാത്രം ആഗ്രഹിക്കുന്നുവെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘടന റിപ്പോർട്ടിൽ വിമർശനം. മത്സരിക്കാൻ സീറ്റ് കിട്ടാത്തവർ പാർട്ടി വിടുന്നു. ചിലർ സ്ഥാനമാനങ്ങളിൽ നിന്നും മാറുമ്പോൾ പാർട്ടിയെ അപമാനിക്കുന്നു. ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാർട്ടിയുടെ ഊർജ്ജം കെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടിലാണ് വിമർശനം.

പാർട്ടിയിൽ പുരുഷ മേധാവിത്വം ഉണ്ടെന്നും സിപിഐ സംഘടനാ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾക്ക് അധികാരം നൽകേണ്ടെന്ന് നിലപാട് ചിലർക്കുണ്ട്. ചില നേതാക്കൾ പദവി മാത്രം ആഗ്രഹിക്കുന്നുണ്ട്. ചിലർ പാർട്ടി പ്രവർത്തനം നടത്തുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കൾ തയ്യാറാകണമെന്നും വിമർശനം. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഫണ്ട് പിരിവിൽ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തിൽ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എപ്പോഴും വലിയ പാർട്ടികളെയും സഖ്യത്തെയും ആശ്രയിക്കരുതെന്നും സ്വന്തം ശക്തി കൂട്ടാനും സഖ്യമില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനും തയ്യാറാകണമെന്നും വിമര്‍ശനമുണ്ട്.

ചണ്ഡീഗഡിലാണ് സിപിഐ പാർട്ടി കോൺഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് റാലിയും പൊതുസമ്മേളനവും നടന്നു. ദീപശിഖ, പതാക എന്നിവ റെഡ് വളണ്ടിയര്‍മാര്‍ സമ്മേളന വേദിയിൽ എത്തിച്ചു. പൊതുസമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സംസാരിച്ചു. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെ നേരിടുമെന്ന് ഡി. രാജ പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.

SCROLL FOR NEXT