ചെന്നൈ: അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാരിന് വെല്ലുവിളി. ടിവികെയ്ക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്ന മുന്നറിയിപ്പാണ് സിപിഐഎം നല്‍കുന്നത്. എഐഎഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നാല്‍ നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്നാണ് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്.
ഇന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. എഐഎഡിഎംകെയിലെ എംഎല്‍എമാര്‍ സഖ്യത്തില്‍ ചേരുന്നതിനെ കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എഐഎഡിഎംകെയിലെ ഏതെങ്കിലും വിഭാഗത്തെ സര്‍ക്കാരിന്റെ ഭാഗമാക്കുന്നത് ജനവിധിക്കെതിരാണെന്ന് സിപിഐഎം വ്യക്തമാക്കി. ഡിഎംകെയേയും എഐഎഡിഎംകെയെയും പൂര്‍ണമായും തള്ളിക്കളയുന്നതാണ് ജനവിധി എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് തമിഴ്‌നാടിനെ എത്തിക്കാതിരിക്കാനും, ബിജെപി അധികാരത്തില്‍ വരാതിരിക്കാനും വേണ്ടിയാണ് ടിവികെയ്ക്ക് പിന്തുണ നല്‍കിയത്. സഖ്യത്തിലെ എഐഎഡിഎംകെ സാന്നിധ്യം ശുദ്ധമായ ഭരണം എന്ന ടിവികെയുടെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കുമെന്നും സിപിഐഎം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന് പത്ത് സീറ്റ് കുറവായിരുന്നു. ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിനു പുറമെ, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് പാര്‍ട്ടികള്‍ വിജയ്ക്ക് പിന്തുണ നല്‍കിയത്.
അഞ്ച് സീറ്റുള്ള കോണ്‍ഗ്രസിന്റേയും വിസികെ, ഇടതുമുന്നണി, മുസ്ലീം ലീഗ് എന്നിവരില്‍ നിന്നായി എട്ട് പേരുടെയും പിന്തുണയും നേടിയാണ് ടിവികെ ഭൂരിപക്ഷം ഉറപ്പിച്ചത്. നാടകീയതകള്‍ക്കൊടുവില്‍ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷം, മെയ് 13 ന് നടന്ന വിശ്വാസവോട്ടെടുപ്പായിരുന്നു അടുത്ത ട്വിസ്റ്റ്.
എഐഎഡിഎംകെയിലെ ആഭ്യന്തര ഭിന്നത പരസ്യമായതും അന്നായിരുന്നു. വിശ്വാസവോട്ടെടുപ്പ് ദിവസം പാര്‍ട്ടി വിപ്പ് അവഗണിച്ച് എഐഎഡിഎംകെയില്‍ നിന്ന് 24 എംഎല്‍എമാര്‍ വിജയ്ക്ക് പിന്തുണ നല്‍കി. 144 ജനപ്രതിനിധികളുടെ പിന്തുണയാണ് വിജയ്ക്ക് ലഭിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ഇ. പളനിസ്വാമിയുടെ ശാസന ലംഘിച്ച് വിജയ്‌യെ പിന്തുണച്ചവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം അടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടി കടന്നിരിക്കുകയാണ്.
ഡിഎംകെയുടെ സഖ്യ കക്ഷികളായിരുന്നു കോണ്‍ഗ്രസും സിപിഐഎമ്മും വിസികെയുമെല്ലാം. ചെറുകക്ഷികള്‍ ഡിഎംകെക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയും, വിജയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുകയുമാണ് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിച്ചു ടിവികെയെ പിന്തുണച്ചു.
വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാനും, ബിജെപിയെയും അവരുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയെയും സംസ്ഥാനത്ത് ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുമാണ് തീരുമാനമെടുത്തതെന്ന് ചെറുകക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ എപ്പോള്‍ വേണമെങ്കിലും ഒരു തെരഞ്ഞെടുപ്പ് നടക്കാമെന്നും ടിവികെ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നും സജ്ജരായിരിക്കാനും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.