ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്ത് കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരും ദുരന്ത നിവാരണ ഏജന്‍സികളും നല്‍കുന്ന കൂടുതല്‍ ഉപദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ മൂന്ന് പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലും സമീപ ജില്ലകളിലും തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് റോഡുകള്‍, ഹൈവേകള്‍, ചില റെസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ചെന്നൈയിലും തിരുവള്ളൂര്‍ ജില്ലയിലും ചൊവ്വാഴ്ച വരെ ശക്തമായ/അതിശക്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ട് അതിതീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലുമായി അതിതീവ്ര ന്യൂനമര്‍ദം തുടരുകയാണ്.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും. തീരദേശ ആന്ധ്രാപ്രദേശിലും യാനമിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകും. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.