Cyclone Murasu Kerala Rain Alert cyclone-murasu-kerala-weather-alert-2026.jpg
NATIONAL

അര്‍ണാബിനു ശേഷം മുരാസു ചുഴലിക്കാറ്റ്; കേരളത്തിലും മഴ മുന്നറിയിപ്പ്

മുറാസു ചുഴലിക്കാറ്റ് കരതൊടുന്നു; കേരളത്തിലും മഴ ഭീഷണി, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിലെ മുരസു ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. 115 കിലോമീറ്റര്‍ വേഗതയില്‍ കരതൊടും എന്നാണ് മുന്നറിയിപ്പ്. ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

നിലവില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലുമായാണ് മുറാസു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് ആന്ധ്രപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കും.

കേരളത്തില്‍ ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല. എന്നാല്‍ ബംഗാള്‍ കടലില്‍ ചുഴലിക്കാറ്റ് സ്വാധീനം തുടരുന്നതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

തമിഴ്‌നാട്ടില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ ഏഴ് വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്ക് എത്തുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്.

ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈയിലും തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

SCROLL FOR NEXT