Image: AI , X  
NATIONAL

സെന്‍യാര്‍ ചുഴലിക്കാറ്റ് എത്തി; കേരളത്തിലും മുന്നറിയിപ്പ്

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ കടലിനും മലാക്ക കടലിടുക്കിനും സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് 'സെന്‍യാര്‍' ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപത്തുകൂടി സഞ്ചരിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നവംബര്‍ 30 വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശിന്റെ തീരപ്രദേശത്തും യാനം, റായലസീമ എന്നിവിടങ്ങളിലും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. മാഹിയിലും കനത്ത മഴ മുന്നറിയിപ്പുണ്ട്.

തമിഴ്‌നാട്, കേരളം, മാഹി, ലക്ഷദ്വീപ്, തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും കാരണമാകും.

യുഎഇയാണ് ചുഴലിക്കാറ്റിന് സെന്‍യാര്‍ എന്ന പേര് നിര്‍ദേശിച്ചത്. 'സിംഹം' എന്നാണ് ഈ വാക്കിന്റെ അര്‍ഥം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.

  • അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.

  • കടലില്‍ പോകുന്നവര്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

SCROLL FOR NEXT