NATIONAL

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും; കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞ് ബിനോയ് വിശ്വം

പി. സന്തോഷ് കുമാറും കെ. പ്രകാശ് ബാബുവും കേന്ദ്ര സെക്രട്ടറിയേറ്റിലെത്തി

Author : ന്യൂസ് ഡെസ്ക്

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തന്നെ തുടരും. ഇന്നലെ നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് ഡി രാജ തന്നെ തുടരാനുള്ള തീരുമാനമുണ്ടായത്. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്ക് മാത്രം ഇളവ് അനുവദിക്കുകയായിരുന്നു. അതേസമയം ഡി രാജയ്ക്ക് മാത്രം ഇളവ് നല്‍കിയതില്‍ കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം. അതേസമയം ഒറ്റക്കെട്ടായ തീരുമാനമാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഡി. രാജ പറഞ്ഞു.

അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പി. സന്തോഷ് കുമാറും കെ. പ്രകാശ് ബാബുവും കേന്ദ്ര സെക്രട്ടറിയേറ്റിലെത്തി.

പ്രായ പരിധിയില്‍ ഇളവ് തേടിയ ഡി.രാജ ദേശീയ എക്സിക്യൂട്ടിവില്‍ നേരിട്ടത് രൂക്ഷമായ എതിര്‍പ്പാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജ ഒഴിയണമെന്ന്ആവശ്യപ്പെട്ടു. കേരളത്തില്‍നിന്ന് ബിനോയ് വിശ്വം, കെ.പ്രകാശ് ബാബു എന്നിവരും ഡി.രാജ മാറണം എന്ന നിലപാടെടുത്തു.

വോട്ടെടുപ്പ് ഉയര്‍ന്ന ഘട്ടത്തിലാണ് സമവായത്തിന് നീക്കമുണ്ടാതും രാജയ്ക്ക് മാത്രം ഇളവ് അനുവദിക്കാന്‍ തീരുമാനമായതും. രാജ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഡെപ്യൂട്ടി സെക്രട്ടറിയുണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തീരുമാനമായില്ല. അമര്‍ജിത്ത് കൗര്‍ ഇതിന് താല്‍പ്പര്യപ്പെട്ടില്ലെന്നായിരുന്നു സൂചന.

സിപിഐയുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് ഡി. രാജ. 2019 മുതല്‍ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തുടരുകയാണ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും രാജ ജനറല്‍ സെക്രട്ടറിയായിരുന്നു.

SCROLL FOR NEXT