മിന്നൽപ്രളയത്തിൽ തകർന്ന റോഡ് ANI
NATIONAL

ജമ്മു കശ്മീരിൽ നാശംവിതച്ച് പേമാരി; 41 പേർ മരിച്ചു; റെയിൽ- റോഡ് ഗതാഗതം താറുമാറായി

മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 41 ആയി ഉയർന്നു. മരിച്ചവരിൽ ഭൂരിഭാഗം പേരും വൈഷ്ണോദേവീ തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടവരാണ്. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലായിട്ടുണ്ട്.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് ദുരന്തമുണ്ടായത്. മൂന്ന് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്ത്‌ത്. തവി നദി കരകവിഞ്ഞ് ഒഴുകുകയാണ്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 30 ഓളം താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ബാധിതമാണ്.

താവി, ചാക്കി നദികൾ കരവിഞ്ഞൊഴുകിയതോടെ റോഡ്, റെയിൽ ഗതാഗതവും പ്രതിസന്ധിയിലായി. ശക്തമായ ഒഴുക്ക് കാരണം തവി പാലത്തിൻ്റെ ഒരുഭാഗം തകർന്നു. നിരവധി വാഹനങ്ങളാണ് ഈ പാലത്തില്‍ കുടുങ്ങി കിടക്കുന്നത്. ജമ്മു ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിലുമുണ്ടായി. റോഡ് ഗതാഗതവും , റെയിൽ ഗതാഗതവും താറുമാറായി. 7 ട്രെയിനുകൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പഞ്ചാബിലെ നിരവധി ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. ബിയാസ് , സത്ലജ് നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്താൻകോട്ടിലെ മധോപൂരിൽ കുടുങ്ങി കിടന്ന സി ആർ പി എഫ് ജവാൻ മാരെ സൈന്യം രക്ഷിച്ചു. അമൃത്സറിൽ ആളൊഴിഞ്ഞ മൂന്ന് കെട്ടിടങ്ങൾ തകർന്നു. പത്താൻകോട്ട്, ഹോഷിയാർപൂർ, ഗുരുദാസ്പൂർ എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഹിമാചൽ പ്രദേശിലും മഴമൂലം കനത്ത നാശനഷ്ടമുണ്ടായി . സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 310 ആയി. 324 വീടുകൾ പൂർണമായും തകർന്നു , മൂന്ന് ദേശീയപാതകൾ അടക്കം 400 ലധികം റോഡുകളിലെ ഗതാഗതം സ്തംഭിച്ചു. ഉത്തരാഖണ്ഡിൽ ഓഗസ്റ്റ് 29 വരെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി.

SCROLL FOR NEXT