NATIONAL

ഡൽഹി സ്ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് രേഖ ഗുപ്ത അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. "ഈ സമയത്ത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഈ സംഭവത്തിൽ പരിക്കേറ്റവർക്കും ഡൽഹി സർക്കാർ അഗാധമായ അനുശോചനം അറിയിക്കുന്നു", മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് രേഖ ഗുപ്ത പ്രഖ്യാപിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടൊപ്പവും സർക്കാർ ഉറച്ചുനിൽക്കുന്നു. ജനങ്ങളുടെ സമാധാനവും സുരക്ഷയുമാണ് ഞങ്ങളുടെ പരമപ്രധാനമായ മുൻഗണനയെന്നും മുഖ്യമന്ത്രി കുറിച്ചു.

ഇന്നലെ വൈകിട്ട് 6.52നാണ് രാജ്യതലസ്ഥാനത്ത് സ്ഫോടനം നടന്നത്. ചാവേർ ആക്രമണമാണ് നടന്നത് എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും, എൻഐഎ അന്വേഷണത്തിൽ അത് ചാവേർ ആക്രമണമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനമുണ്ടാക്കിയ കാർ പതുക്കെ മുന്നോട് പോകുമ്പാഴാണ് പൊട്ടിത്തറിയുണ്ടായത്.

സ്ഫോടക വസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാനാണ് സാധ്യത. ബോംബ് സ്ഫോടനത്തിൽ ഉണ്ടാകുമ്പോലെയുള്ള നാശം സംഭവിച്ചിട്ടില്ല. പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടതിൻ്റെ ലക്ഷണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT